അക്ബര്‍ ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പീഡിപ്പിച്ചു; ആരോപണവുമായി പല്ലവി

single-img
2 November 2018

ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞ എം.ജെ. അക്ബറിനെതിരെ പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയിയാണ് വാഷിങ്ടണ്‍ പോസ്റ്റില്‍ അക്ബര്‍ പീഡിപ്പിച്ചതായി തുറന്നെഴുതിയത്. നാഷണല്‍ പബ്ലിക് റേഡിയോയിലാണ് പല്ലവി ജോലി ചെയ്യുന്നത്.

അക്ബറിനെ കുറിച്ചുള്ള ആരോപണങ്ങള്‍ വായിച്ചപ്പോള്‍ തല കറങ്ങുന്നതു പോലെ തോന്നി. എന്റെ ദുരനുഭവങ്ങള്‍ അറിയുന്ന ഇന്ത്യയിലെ രണ്ടു സുഹൃത്തുക്കളെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി മനസില്‍ സൂക്ഷിച്ചിരുന്ന കാര്യങ്ങളാണു വെളിപ്പെടുത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

പല്ലവിയുടെ ലേഖനത്തില്‍നിന്ന്.

”22ാം വയസിലാണ് ഞാന്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ചേര്‍ന്നത്. പ്രതിഭാശാലിയായ എം.ജെ. അക്ബറിന്റെ ഭാഷാ പ്രാവീണ്യം എന്നെ വല്ലാതെ മോഹിപ്പിച്ചു. അദ്ദേഹത്തെ പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. പ്രഗത്ഭനായ ഗുരുവില്‍നിന്നു പഠിക്കാനായി ശകാരങ്ങളും മറ്റും സഹിച്ചു.

23ാം വയസില്‍ പേജ് എഡിറ്ററായി. പക്ഷേ, അതിനു വലിയ വില കൊടുക്കേണ്ടിവരുമെന്നു പിന്നീടാണു മനസിലായത്. പേജുമായി അദ്ദേഹത്തിന്റെ മുറിയില്‍ എത്തിയപ്പോഴാണ് ആദ്യമായി ദുരനുഭവം ഉണ്ടായത്. പേജിനെക്കുറിച്ചു പ്രശംസിച്ചതിനുശേഷം ചുംബിക്കാന്‍ ശ്രമിച്ചു.

അപമാനിതയായി ഒരുവിധത്തില്‍ മുറിവിട്ടു. മാസങ്ങള്‍ക്കുള്ളില്‍ മുംബൈ താജ് ഹോട്ടലിലെ മുറിയില്‍ വച്ചും സമാനമായ അനുഭവം ഉണ്ടായി. അന്നും ചെറുത്തുനിന്നു. തുടര്‍ന്നു ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നു ഭീഷണിയുണ്ടായി. മൂന്നാം സംഭവം ജയ്പുരില്‍ വച്ചാണുണ്ടായത്.

ഒരു ദുരഭിമാന കൊലയെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു അത്. വാര്‍ത്തയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു. അന്നു ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അക്ബര്‍ എന്നെ മാനഭംഗപ്പെടുത്തി.

നടന്നതിനെക്കുറിച്ച് ആരോടും പറയാന്‍ ധൈര്യമുണ്ടായില്ല. ആരെങ്കിലും എന്നെ വിശ്വസിക്കുമോ എന്ന ഭയമായിരുന്നു. ഹോട്ടല്‍ മുറിയിലേക്കു പോയതിന് എന്നെത്തന്നെ പഴിച്ച് മുന്നോട്ടുപോയി. ദുരനുഭവങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. പിന്നീടു പലവട്ടം അക്ബര്‍ കീഴ്‌പ്പെടുത്തി.

ഓഫിസില്‍ സമപ്രായക്കാരായ സഹപ്രവര്‍ത്തകരോടു സംസാരിക്കുന്നതു പോലും അക്ബറിന് ഇഷ്ടമായിരുന്നില്ല. ലണ്ടന്‍ ഓഫിസില്‍ വച്ച് ഒരാളുമായി ഇതുപറഞ്ഞ് അക്ബര്‍ വഴക്കടിക്കുക വരെ ചെയ്തു.” പല്ലവി എഴുതുന്നു. അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്കു പിന്തുണയെന്ന നിലയിലാണു താന്‍ ഇക്കാര്യങ്ങള്‍ എഴുതുന്നതെന്നു പല്ലവി വ്യക്തമാക്കി.

മകള്‍ക്കും മകനും വേണ്ടിയാണിത്. ആരെങ്കിലും അവരെ ഇരയാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ അവര്‍ക്കും കഴിയണം. ആരെയും ഇരയാക്കാതിരിക്കാനും പല്ലവി അഭിപ്രായപ്പെട്ടു. തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ ഡല്‍ഹി കോടതിയില്‍ മാനനഷ്ടകേസ് കൊടുത്തിരിക്കുകയാണ് അക്ബര്‍.