കാര്യവട്ടത്ത് ടോസ് വെസ്റ്റ് ഇന്‍ഡീസിന്; കൊഹ്‌ലിക്ക് റെക്കാഡ് നഷ്ടമായി

single-img
1 November 2018

തിരുവനന്തപുരം∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ ടോസ് വെസ്റ്റ് ഇൻഡീസിന് അനുകൂലം. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇൗ പരന്പരയില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ടോസ് നേടുന്നത്. ഇതോടെ ഒരു അഞ്ചുമത്സര പരന്പരയിലെ എല്ലാ കളികളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കാഡ് നേടാനുള്ള അവസരം വിരാടിന് നഷ്ടമായി.

രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇൻ‍ഡീസ് അഞ്ചാം മൽസരത്തിന് ഇറങ്ങുന്നത്. ആഷ്‍ലി നർസിന് പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദർപോൾ ഹേംരാജിനു പകരം ഒഷെയ്ൻ തോമസും കളിക്കും. അതേസമയം ഇന്ത്യൻ ടീമില്‍ മാറ്റങ്ങളില്ല. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും സമനില മോഹവുമായി വിൻഡീസും ഇറങ്ങുമ്പോൾ മൈതാനത്ത് ആവേശത്തിന്റെ തീപടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പരമ്പര തുടങ്ങും മുൻപ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാൽ വിൻഡീസ്, ടെസ്റ്റിലെ വിൻഡീസ് അല്ലെന്നു രണ്ടാമത്തെ കളിയിൽ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണർന്നത്. നാലാം ഏകദിനത്തിലെ വമ്പൻ വിജയം നൽകുന്ന ആത്മവിശ്വാസം ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാൽപ്പോലും വിൻഡീസിനു ലോട്ടറിയാണ്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ 300 പോലും സുരക്ഷിതമായ സ്കോർ ആയിരിക്കില്ല. പക്ഷേ, മഴ പെയ്താൽ സ്വഭാവം മാറിമറിയും. കഴിഞ്ഞ വർഷം ഇതേ മൈതാനത്തു നടന്ന മഴയിൽക്കുതിർന്ന ട്വന്റി20 മൽസരത്തിൽ എട്ട് ഓവറിൽ അഞ്ചുവിക്കറ്റിന് 67 റൺസാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലൻഡിന് ആറു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.