ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിയെ പഴിക്കാനാവില്ല: അമിത് ഷായെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി

single-img
1 November 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിയെ പഴിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സുപ്രിം കോടതി സ്വമേധയാ ഇടപെട്ട് വിധി പ്രസ്താവിച്ചതല്ല. ചിലര്‍ ഹര്‍ജിയുമായി ചെന്നപ്പോള്‍ വിധി പ്രസ്താവിച്ചതാണ്. ആരെങ്കിലും സമീപിച്ചാല്‍ സുപ്രിം കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും – ഉമാ ഭാരതി പറഞ്ഞു.

നടപ്പിലാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ക്ക് പ്രസ്താവിക്കാന്‍ സാധിക്കൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് ശബരിമല വിധിയില്‍ സുപ്രിം കോടതിയെ അനുകൂലിച്ച് ഉമാഭാരതി രംഗത്തെത്തുന്നത്. ശബരിമല യുവതി പ്രവേശനം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഉമാഭാരതി പറഞ്ഞു.

ശബരിമല വിനോദസഞ്ചാര കേന്ദ്രമല്ല ആരാധനാലയമാണ്. എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്ന് സ്ത്രീകളോട് ആരും പറഞ്ഞു നല്‍കേണ്ട കാര്യമില്ല. ഈ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ പാലിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഉമാഭാരതി വ്യക്തമാക്കി. തങ്ങളുടെ മതവികാരം വ്രണപ്പെട്ടതുകൊണ്ടാണ് ഹിന്ദുക്കള്‍ ഉള്‍പ്പടെയുളളവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കുകയും എല്ലാ പരീക്ഷണങ്ങളും അവരുടെ മേല്‍ നടത്തുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി.