‘അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’; മന്ത്രിയുടെ ഗണ്‍മാന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

single-img
1 November 2018

കൊല്ലം കടയ്ക്കലില്‍ മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാനായ പൊലീസുകാരന്‍ സുജിത്തിന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ പരാജയത്തെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച്‌ ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി തീരുമാനത്തില്‍ നിന്നു പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ആഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം. ഇതിനെ തുടര്‍ന്ന് സുജിത്ത് മാനസികമായി തകര്‍ന്നു പോയിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ‘അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’- എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

കടയ്ക്കല്‍ ചരിപ്പറമ്ബ് സജിത്ത് ഭവനില്‍ സഹദേവന്‍ പിള്ളയുടെ മകന്‍ സുജിത്ത് സഹദേവനാണു മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കടയ്ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഇരു കൈത്തണ്ടയിലെയും ഞരമ്ബുകള്‍ മുറിച്ച ശേഷം തലയ്ക്കു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോര്‍ട്ട്.

രാവിലെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു പൊലീസെത്തി പൂട്ടു പൊളിച്ച്‌ അകത്തു കയറി സുജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെവിയുടെ ഭാഗത്താണു വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ 6 മാസം മുന്‍പാണു മന്ത്രിയുടെ സുരക്ഷാചുമതലയില്‍ നിയമിച്ചത്