തിരുവനന്തപുരത്ത് ലീഗ് നേതാവിനെ പൊലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തി: പോലീസിനെതിരെ പ്രതിഷേധം ശക്തം

single-img
1 November 2018

തിരുവനന്തപുരം: മുസ്‍ലിം ലീഗ് ജില്ലാ നേതാവിനെ പൊതുജന മധ്യത്തിലൂടെ പട്ടാപകല്‍ വിവസ്ത്രനാക്കി നടത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പാങ്ങോട് എസ്ഐ നിയാസാണ് ചെക്ക് കേസിന്റെ പേരില്‍ ലീഗ് ജില്ലാ നേതാവായ ഷിബു കല്ലറയെ വിവസ്ത്രനാക്കി നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും പൊലീസ് കംപ്ലയന്‍റ്സ് അതോറിറ്റിയെ സമീപിക്കുമെന്നും ഷിബു ഇ വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച തന്‍റെ അച്ഛന്‍റെ സഹോദരന്‍റെ വീട്ടിലെത്തി പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് മുണ്ടില്ലാതെ നടത്തുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു.

താന്‍ ഉടുത്തിരുന്ന വെള്ളമുണ്ട് എസ്ഐ ഈരി വലിച്ചെറിഞ്ഞുവെന്നും നാട്ടുകാരുടെ മുന്നില്‍ തന്നെ അപമാനിച്ചുവെന്നും ഷിബു പറയുന്നു.  കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. പിറ്റേന്ന് ജാമ്യം എടുക്കാന്‍ പറഞ്ഞ് മജിസ്ട്രേറ്റ് വിട്ടയ്ക്കുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു.

ജൂലെെയില്‍ നടന്ന ഒരു സാമ്പത്തിക ഇടപാട് കേസിലെ സംഭവ വികാസങ്ങളാണ് എസ്ഐക്ക് തന്നോട് ദേഷ്യമുണ്ടാവാന്‍ കാരണം. അന്ന് ഷാജഹാന്‍ എന്ന സഹപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത എസ്ഐ അയാളെ വിവസ്ത്രനാക്കി ലോക്കപ്പില്‍ നിര്‍ത്തിയിരുന്നു. അതിനെതിരെ ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ പരാതിയുമായി മുന്നോട്ട് പോയി. അതോടെ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും വീട്ടിലെത്തി അതിക്രമം നടത്തിയെന്നും ഷിബു പറഞ്ഞു. ആ കേസ് ഇപ്പോള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഈ സംഭവത്തില്‍ തന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ഷിബു പറഞ്ഞു. മകള്‍ സ്കൂളില്‍ പോകാതായതോടെ സ്കൂള്‍ മാറ്റിയതായും ഷിബു പറഞ്ഞു. എന്നാല് ഷിബുവിന്റെ ആരോപണങ്ങളെ പോലീസ് തള്ളി. പുനലൂര്‍ കോടതിയുടെ വാറണ്ട് അനുസരിച്ച് ചെക്ക് കേസിലെ പ്രതിയായ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലറയിലുള്ള ബാറിന്‍റെ അടുത്ത് വച്ചാണ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപെടാന്‍ നോക്കി. പിന്നീട് പിടികൂടിയപ്പോള്‍ നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നത്. അതിന് ശേഷം പുതിയ മുണ്ടും ആഹാരവുമെല്ലാം പൊലീസാണ് വാങ്ങി നല്‍കിയതെന്നും പാങ്ങോട് എസ്ഐ നിയാസ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കേസുകൾ വേറെയുമുണ്ട് എന്നും, ഇയാളെ കേസിൽ മനപ്പൂർവ്വം കുടുക്കിട്ടില്ലെന്നും ഷിബുവിന് എതിരെ മുൻവൈരാഗ്യം ഇല്ലെന്നും എസ്ഐ പറഞ്ഞു.

സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇങ്ങനെ:

 

ഈ ചിത്രത്തിൽ’ കാണുന്നത് ഉടുവസ്ത്രമില്ലാതെ പോലിസ് കൊണ്ടു പോകുന്നത്ഷിബു കല്ലറ എന്ന വ്യക്തിയാണ്. തിരുവനന്തപുരം ജില്ലയിലെ കല്ലറ – പാങ്ങോട് പ്രദേശത്ത് ഒരു പൊതു പ്രവർത്തകൻ. ഇദ്ദേഹത്തെ നിരന്തരമായി പാങ്ങോട് പോലിസ് ഉപദ്രവിക്കുന്നുവെന്നാണ് പരാതി. ഒരു പോലിസ് ഉദ്യോഗസ്ഥനുമായിട്ടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ..

ഇടുക്കിയിലെ ഒരു കൊലപാതക കേസ്സിൽ ലീഗ് പ്രദേശിക നേതാവ് എന്ന പേരിൽ വാർത്ത വന്നത് ഇദ്ദേഹത്തിന്റെ പേരിൽ ആണ്. പക്ഷെ ഇദ്ദേഹം ആ കേസ്സിൽ ഇല്ലാത്തതു കൊണ്ട് അതിൽ പ്രതിയായില്ല. പോലിസ് ഉണ്ടാക്കി കൊടുത്ത കഥ പത്രത്തിലും മീഡിയകളിലും വന്നു.പക്ഷെ ഇദ്ദേഹത്തിന്റെ പേരിൽ കേസ്സിൽ എഫ് ഐ ആർ പോലും ഇല്ലായിരുന്നു.

ശേഷം 8 കേസ്സുകളിൽ ഇദ്ദേഹത്തെ പാങ്ങോട് പോലിസ് പ്രതിയാക്കി. എല്ലാ കേസും പോലിസ് കാബ്ളയിന്റ് അതോറിറ്റിയും ഹൈക്കോടതിയും ഇടപെട്ട് മനപൂർവ്വം കേസ്സാണ് എന്ന് മനസ്സിലാക്കി റദ്ദാക്കി. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഒരു ചെക്ക് കേസ് വാറണ്ട് എന്ന പേരിൽ ടി വ്യക്തിയെ അറസ്റ്റു ചെയ്യുകയും ഉടുവസ്ത്രമില്ലാതെ നാല് കിലോമീറ്റർ പബ്ലിക്ക് റോഡിലൂടെ നടത്തിക്കുകയും ചെയ്തു.

വാറണ്ട് ഇഷ്യൂ ചെയ്ത ഒരു പ്രതിയെ പോലിസ് അറസ്റ്റു ചെയ്യുന്നതിനോ പ്രതിയാണെങ്കിൽ ശിക്ഷിക്കുന്നതിനോ
ഒന്നും ആരും ഇവിടെ എതിരില്ല.നിയമം നടക്കണം.

എന്നാൽ ഈ കാണിച്ചത് മനുഷ്യാവകാശ ലംഘനവും ബഹു: സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് എതിരുമാണ്. ഉത്തരേന്ത്യ അല്ല കേരളം. ഒരു പോലിസ് ആഫിസറുടെ വ്യക്തി വൈരാഗ്യം തീർക്കാൻ ഉടുവസ്ത്രം ഉരിഞ്ഞ് റോഡിലൂടെ 4 കിലോമീറ്റർ നടത്താൻ ഇത് എന്താ ഗുജറാത്തോ? പോലിസ് രാജ് നിൽക്കുന്ന സംസ്ഥാനമോ?

ജനകീയ പോലിസ് എന്നക്കെ എഴുതി വച്ച് നടക്കുന്ന പോലീസ് ജയറാം പടിക്കൽ – മിന്നൽ പരമേശ്വരൻ കാലത്തെ പഴയ കട്ടാള സ്വഭാവത്തിലേക്ക് തിരിച്ചു പോവുകയാണോ?. 51 വെട്ടുകൾ നൽകിയ പ്രതികൾക്ക് പരോൾ നൽകി പുറത്തിറക്കിയ ഭരണകൂടവും പാർട്ടി സെക്രട്ടറി പ്രസംഗിച്ച വേദിയിൽ ബോംബ് എറിഞ്ഞ പ്രതികളെ പിടികൂടാത്ത പോലിസും ഒക്കെ ചേർന്നാണ് ഒരു ചെക്ക് കേസ്സിൽ
ഈ പദ സഞ്ചലനം നടത്തിയത്.

ഇത് സാക്ഷര കേരളത്തിലെ ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചെയ്ത് കൂട്ടിയ കാഴ്ചയാണ്. തിരുവന്തപുരം പാങ്ങോട് പോലീസ്സ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് ആരോപിതനായ ഉദ്യോഗസ്ഥൻ. ഇദ്ധേഹം ഇത് പോലെ പല തവണ ഈ വിവസ്ത്രനാക്കി നടു റോഡിലൂടെ വലിച്ച് കൊണ്ട് പോകുന്ന കക്ഷിയെ പല രൂപത്തിൽ കേസ്സിൽ പെടുത്താൻ ശ്രമിച്ചതായും,എന്നാല്‍ നിരപാരാധി എന്ന് കണ്ട് ടിയാനെ നീതി പീഠം വിട്ടയക്കാറാണ് പതിവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ഇത് നമ്മുടെ സാക്ഷര കേരളത്തിലാണെന്നതും, ചെയ്യുന്നത് ജന മൈത്രി പോലീസ്സാണെന്നതും പോലീസ്സ് സേനക്ക് തന്നെ നാണക്കേടുളവാക്കുന്നതുമാണ്. ഏതൊരു പ്രതി ചേർക്കപ്പെടുന്ന ആൾക്കും മനുഷ്യാവകാശമുണ്ടെന്നാണ് കോടതിയും ഭരണകൂടവും പറയുന്നത് ‘.ഇത് തീർത്തും മനുഷ്യാവകാശ ലംഘനമാണ്.

മനുഷ്യാവകാശ ലംഘനം നടത്തിയ, സപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പോലിസിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.