എട്ടാംക്ലാസുകാരിയുടെ തല വെട്ടി റോഡിലെറിഞ്ഞു; യുവാവ് പിടിയിൽ

single-img
1 November 2018

ഒക്ടോബർ 22 ന് വൈകിട്ട് 5 മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. തന്റെ ആഗ്രഹത്തിനു വഴങ്ങാത്ത എട്ടാംക്ലാസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിലായി. മാത്തൂർ തളവായ്പെട്ടി സ്വദേശി ദിനേശ്കുമാർ (32) ആണ് അറസ്റ്റിലായത്. സ്വന്തം അമ്മയുടെ കൺമുന്നിൽ പിടഞ്ഞായിരുന്നു ചാമിവേലിന്റെ മകൾ രാജലക്ഷ്മിയുടെ മരണം.

രാജലക്ഷ്മിയും അമ്മ ചിന്നപ്പൊണ്ണും വീടിനു മുന്നിൽ ഇരിക്കുമ്പോൾ പാടത്തു നിന്നു ജോലി കഴിഞ്ഞു വരുകയായിരുന്ന ദിനേശ് അമ്മയെ മർദിച്ചശേഷം കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ടു രാജലക്ഷ്മിയുടെ തലവെട്ടുകയായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പെൺകുട്ടിയുടെ തല റോഡിലെറിഞ്ഞു ദിനേശ് ഓടിപ്പോയി. പിന്നീടു സേലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു.

ആത്തൂർ ഗവ.സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു രാജലക്ഷ്മി. പുഷ്പ വ്യാപാരികളാണു ദലിത് വിഭാഗത്തിൽപ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍. പലപ്പോഴും തനിക്ക് വഴങ്ങാൻ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിർബന്ധിച്ചിരുന്നതായി ചിന്നപ്പൊണ്ണ് പറയുന്നു. രോഷാകുലനായി വീട്ടിലേയ്ക്ക് അരിവാളുമായി ദിനേശ് ഓടികയറുകയായിരുന്നു.

അയാളെ തടഞ്ഞു നിർത്താനും എന്തോ പറയാനും രാജലക്ഷ്മി മുതിർന്നുവെങ്കിലും രാജലക്ഷ്മിയെ വലിച്ചിഴച്ച് തലവെട്ടുകയായിരുന്നു. കൊലപാതകത്തിനു രണ്ട് ദിവസം മുൻപ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടിൽ ചെന്ന രാജലക്ഷ്മിയെ അപമാനിച്ചിരുന്നതായി അമ്മ ചിന്നപ്പൊണ്ണ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാർ പെരുമാറിയിരുന്നത്. അമിത ലൈംഗികാസക്തിയുളള ഇയാളെ ചീത്തപെരുമാറ്റത്തിന്റെ പേരിലാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്നും ശാരദ പറഞ്ഞു.