വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം: കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി

single-img
1 November 2018

ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം. ഇന്നത്തെ മത്സരത്തിലും ടോസ് ജയിക്കുകയാണെങ്കില്‍ രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ മത്സരത്തിലും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോഹ്‌ലിക്ക് സ്വന്തമാവുക.

കഴിഞ്ഞ നാല് മത്സരത്തിലും വിരാടിന് തന്നെയായിരുന്നു ടോസ് വിജയം. വിന്‍ഡീസിനെതിരെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ നായകനെന്ന നേട്ടവും കോഹ്‌ലിക്ക് ലഭിക്കും. നേരത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സി ക്രോണ്യയ്ക്കും ഓസീസ് നായകനായിരുന്നു സ്റ്റീവോക്കും വിന്‍ഡീസിനെതിരെ അഞ്ച് ടോസുകളും ലഭിച്ചിരുന്നു.

അതിനിടെ, കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മഴ ഭീഷണിയാകുന്നത് . നേരത്തെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തിരുവനന്തപുരത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബുധനാഴ്ച വൈകീട്ട് സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നലെ മഴ പെയ്യുകയും ചെയ്തു. രാവിലെയും ചാറ്റല്‍ മഴയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പിച്ചും ബൗളര്‍മാരുടെ റണ്ണപ്പിനുള്ള ഇടവും മൂടിയിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അന്തരീക്ഷം തെളിഞ്ഞതോടെ ഇവ നീക്കം ചെയ്തു.

കാര്യവട്ടം സ്‌റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനങ്ങള്‍ മികച്ച നിലവാരത്തിലുള്ളതായതിനാല്‍ മഴ പെയ്താലും കളി തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഥവാ മഴ പെയ്താല്‍ ഓവറുകള്‍ വെട്ടിക്കുറച്ചും മത്സരം നടത്താനുള്ള സാധ്യതയും നിലവിലുണ്ട്.