ഗോളടിച്ചൊരു വിവാഹാഭ്യർത്ഥന, നായകൻ മത്സരത്തിൽ തോറ്റെങ്കിലും പ്രണയത്തിൽ വിജയിച്ചു; വീഡിയോ

single-img
1 November 2018

കഴിഞ്ഞ ദിവസം ചിലിയൻ ലീഗിൽ നടന്ന വ്യത്യസ്തമായ ഒരു ഗോളാഘോഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. വെനസ്വല താരം എഡ്വാർഡ് ബെല്ലോ ലീഗ് മത്സരത്തിനിടയിൽ ഗോൾ നേടിയത് തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി ആഘോഷിച്ചതാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയം.

ചിലിയൻ ലീഗിൽ അന്റഫഗാസ്റ്റ ക്ലബിനു വേണ്ടി എവർട്ടണെതിരെ രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടിയ ബെല്ലോ നേരെ ഓടിയത് ഗ്യാലറിയിലിരിക്കുകയായിരുന്ന കാമുകി ഗബ്രിയല്ലയുടെ അടുത്തേക്കാണ്. കോച്ചിങ്ങ് സ്റ്റാഫിന്റെ കയ്യിൽ നിന്നും വാങ്ങിയ മോതിരം കാമുകിക്കു നൽകി താരം വിവാഹാഭ്യർത്ഥന നടത്തി. ആദ്യം ഒന്ന് ഞെട്ടിയ ഗബ്രിയെല്ല വിവാഹത്തിനു സമ്മതം മൂളിയതോടെ രംഗം കൂടുതൽ മനോഹരമായി.

മത്സരത്തിൽ ബെല്ലോ ഇരട്ട ഗോളുകൾ നേടിയെങ്കിലും വിജയം നേടാൻ ടീമിനായില്ല. തരം താഴ്ത്തൽ മേഖലയിൽ കിടന്നിരുന്ന എവർട്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്റഫഗാസ്റ്റയെ അട്ടിമറിച്ചത്. മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ബെല്ലോ പുറത്താവുകയും ചെയ്തു. വെനസ്വല ടീമിൽ അടുത്തിടെ ഇടം നേടിയ ബെല്ലോ കഴിഞ്ഞ മാസം രണ്ടു മത്സരങ്ങളിൽ ദേശീയ ടീമിനു വേണ്ടി കളത്തിലിറങ്ങി.