കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം; പരമ്പര

single-img
1 November 2018

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

വിന്‍ഡീസ് പ്രഹരത്തോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍റെ കുറ്റി തെറിച്ചു. ആറ് റണ്‍സാണ് ധവാന് എടുക്കാനായത്. എന്നാല്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് അനായാസം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. 10-ാം ഓവറില്‍ ഇന്ത്യ അമ്പതും 15-ാം ഓവറില്‍ 100 റണ്‍സും പിന്നിട്ടു. ഇതേ ഓവറില്‍ വിജയവും ഇന്ത്യ അടിച്ചെടുത്തു.

FIFTY!The Hitman Rohit Sharma looks in great touch as he brings up his 37th ODI half-century #INDvWI

Posted by Indian Cricket Team on Thursday, November 1, 2018

ആദ്യം ബാറ്റു ചെയ്ത വി‍ൻഡീസ് 31.5 ഓവറിൽ 104 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ജസ്പ്രീത് ബുംമ്ര, ഖലീൽ അഹമ്മദ് എന്നിവർ രണ്ടുവീതവും ഭുവനേശ്വർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം),മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ‌ (11 പന്തിൽ ഒൻപത്) റോമാൻ പവൽ‌ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറിൽതന്നെ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിൻഡീസ് താരം കിറാന്‍ പവൽ ധോണിക്ക് ക്യാച്ച് നൽകുകയായിരുന്നു. രണ്ടാം ഓവറിൽ‌ ഷായ് ഹോപും പുറത്ത്. റൺസൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തിൽ ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിൽ മാർലൺ സാമുവൽസിന്റെ ഷോട്ട് കോഹ്‍ലി പിടിച്ചെടുത്തു. 36 റൺസിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്‍മറെ ജഡേജ വിക്കറ്റിനുമുൻപിൽ കുടുക്കി.

റോമാൻ പവലിനെ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിഖർ ധവാൻ ക്യാച്ചെടുത്തു മടക്കി. സ്കോർ 66 ൽ നിൽക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയൻ അലനെ ബുംമ്രയുടെ പന്തിൽ കേദാർ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റൻ ജേസൺ ഹോൾഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. അഞ്ച് റൺസ് മാത്രമെടുത്ത് കീമോ പോൾ പുറത്തായി. റോച്ചിനെയും ഒഷെയ്ൻ തോമസിനെയും പുറത്താക്കി ജഡേജ നാലു വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

മൽസരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തിര​ഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മൽസരത്തിന് ഇറങ്ങിയത്. ഇന്ത്യൻ ടീമില്‍ മാറ്റങ്ങളില്ല.