തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

single-img
1 November 2018

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. ഇന്നലെ വൈകീട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവു കുറയ്ക്കും.

കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലത്. വളരെ ഉയര്‍ന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ഇതു ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള താമസക്കാര്‍ മാറിപ്പോകാന്‍ ജില്ലാ ഭരണകൂടം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിര്‍ദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നല്‍കി. ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമര്‍ന്നതിന്റെ മലിനീകരണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ മൂന്നാംനിലയിൽ തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി.

പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിർമിച്ച വേദിയും കത്തിയമർന്നു. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 2 ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി.