സിനിമ നാടകമാകുന്ന “ഡ്രാമ”

single-img
1 November 2018

മലയാള സിനിമയുടെ വിഹായസ്സില്‍ തങ്ങളുടെ ചിറകു ചലനങ്ങളുടെ അടയാളങ്ങളും, പിന്നിട്ട വഴികളുടെ മായാത്ത കാല്‍പ്പാടുകളും, കലയുടെയും, ആസ്വാദനത്തിന്റെയും ചരിത്രവും അടയാളപ്പെടുത്തിയ കലാകാരന്മാരാണ് മോഹന്‍ലാലും, രഞ്ജിത്തും. ഇവര്‍ ചേര്‍ന്നപ്പോള്‍ കലാമൂല്യവും, വ്യാവസായിക വിജയവും ഒത്തുചേര്‍ന്ന ധാരാളം ഹിറ്റുകളും, മെഗാഹിറ്റുകളും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല, മിക്കവാറും രഞ്ജിത്ത് സിനിമകളില്‍, പ്രമേയപരമായി ദരിദ്ര സിനിമയെങ്കില്‍ക്കൂടി, ശക്തമായ കഥാപാത്രങ്ങള്‍, സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പടെ ഉള്ളതിന്റെ ചേലും, ചാരുതയും അത്തരം സിനിമകള്‍ക്ക്‌ ഉണ്ടായിരുന്നു. പക്ഷേ രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമ ഡ്രാമയിലെത്തുമ്പോൾ ഈ ദൃശ്യാഖ്യായിക വ്യത്യസ്തമാണ്. കാരണം അളവിൽക്കൂടുതൽ ഡ്രമാറ്റിക്കാണ് ഡ്രാമ!

മഹാനായ വില്ല്യം ഷേക്‌സ്‌പിയറിന്റെ pastoral comedy വിഭാഗത്തിൽപ്പെടുന്ന പ്രശസ്തമായ നാടകമാണ് 1599 ലെഴുതിയ As you like it.

All the world’s a stage
The men and women are merely players
They have their exists and entrances…

എന്നത് ആ നാടകത്തിലെ വിശ്വപ്രശസ്തമായ സംഭാഷണ ശകലമാണ്. ലോകമാകുന്ന നാടകവേദിയിൽ മുൻപേ തീരുമാനിക്കപ്പെട്ട വേഷങ്ങൾ ആടിത്തീർക്കാൻ വിധിക്കപ്പെട്ടവരാണ് മനുഷ്യ ജന്മങ്ങൾ. നാം ആടിത്തീർക്കുന്ന വേഷങ്ങളുടെ നടനവഴികളുടെ നിർണ്ണയത്തിൽ മനുഷ്യർ ഒട്ടൊക്കെ നിസ്സഹായരും അപ്രസക്തരുമാണ് എന്നതായിരിക്കാം മേൽസംഭാഷണത്തിന്റെ പൊരുൾച്ചുരുക്കം. സംവിധായകൻ രഞ്ജിത്ത് ഈ ഷേക്‌സ്‌പിയർ വചനത്തിൽ പ്രചോദിതനായാണോ ഡ്രാമാ എന്ന സിനിമയ്ക്ക് തിരക്കഥയും ദൃശ്യഭാഷയുമൊരുക്കിയത് എന്നെനിക്കറിയില്ല. എന്നാൽ ബിരുദകാലത്ത് വായിച്ച ഈ നാടകമാണ് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലെത്തിയത്.

മാതൃസ്നേഹം മുതൽ രക്തബന്ധങ്ങളും, കുടുംബബന്ധങ്ങളും, രാജ്യസ്നേഹവും, സാമൂഹിക പ്രതിബദ്ധതയും, തൊഴിനോടുള്ള കൂറുമെല്ലാം “പെർഫോം ചെയ്യപ്പെടേണ്ടുന്ന” അല്ലെങ്കിൽ കൂടുതൽ തീവ്രതയോടെ വേഷങ്ങൾ ഭംഗിയായി അഭിനയിക്കാൻ കൂടി ആവശ്യപ്പെടുന്ന, ലോകത്താണ് പുതിയകാല മനുഷ്യജീവിതങ്ങൾ നിർണ്ണയിക്കപ്പെടുന്നത്. ഉപഭോഗ തൃഷ്ണയും സമ്പത്തിനോടുള്ള ആർത്തിയും ആ നിലയിൽ ആത്മാർഥത കുറവുള്ള, എന്നാൽ മാത്സര്യം കൂടുതലുള്ള ഒരുലോകക്രമത്തെ സൃഷ്ടിച്ചിരിക്കുന്നു.
ഒരു മധ്യവർഗ്ഗ സമൂഹത്തിന്റെ എല്ലാ പ്രതിലോമകരതകളും, സങ്കീർണതകളും പേറുന്ന, കട്ടപ്പനയിൽ നിന്നും യൂറോപ്പിലേക്ക് ജീവിതം പറിച്ചുനട്ട ആറു മക്കളുടെയും അവരുടെ അമ്മയുടെയും കഥയാണ് ഡ്രാമ.

ഭർത്താവ് മരിച്ച എന്നാൽ ആരോഗ്യവതിയായ റോസമ്മ (അരുന്ധതി നാഗ്) ലണ്ടനിൽ ജീവിക്കുന്ന മകൾ മേഴ്സിയുടെ (കനിഹ) കൂടെ അൽപ്പദിവസം താങ്ങാനായി കട്ടപ്പനയിൽ നിന്നും എത്തുന്നു. കത്തോലിക്കാക്കാരിയായ മേഴ്‌സി പാലക്കട്ടുകാരൻ നായരായ ഡോക്റ്റർ മുകുന്ദനുണ്ണിയുടെയും (സംവിധായകൻ ശ്യാമപ്രസാദ്) രണ്ടു മക്കളുടെയുംകൂടെ ലണ്ടനിലാണ് താമസം. റോസമ്മയുടെ മൂത്തമകൻ ഫിലിപ്പും (സുരേഷ് കൃഷ്ണ) രണ്ടാമത്തെയാൾ ബെന്നിയും (ടിനിടോം) അമേരിക്കയിലും കാനഡയിലും ജോലിചെയ്യുന്ന കോടീശ്വരന്മാർ. മൂത്തമകൾ അമ്മിണി (സുബി സുരേഷ്) ആസ്‌ട്രേലിയയിൽ നഴ്‌സ്, ഭർത്താവായി ഗൃഹസ്ഥന്റെ സ്വാസ്ഥ്യത്തോടെ മടിയനായ ജീവിക്കുന്ന ആന്റോ (സംവിധായകൻ ജോണി ആന്റണി.) ഇളയ മകൻ ജോമോൻ (നിരഞ്ജൻ) തൊഴിലന്വേഷിച്ചു ദുബായിൽ വാസം.

മക്കളെല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളിൽ ജീവിക്കാനും, ജീവിതത്തിന്റെ അഭിലാഷപൂർത്തീകരണത്തിനും, സമ്പത്തിനോടുള്ള ആർത്തി ശമിപ്പിക്കുന്നതിനുമായി അഹോരാത്രം പണിപ്പെട്ടു ജീവിക്കുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് റോസമ്മ മകൾ മേഴ്സിയുടെ ലണ്ടനിലെ ഗൃഹസന്ദർശനത്തിനിടയിൽ മരണമടയുന്നത്. മരണപ്പെട്ടത് സ്വന്തം മാതാവാണ് എന്നതിനേക്കാൾ, അവരുടെ ഒഴുക്കുള്ള ജീവിതത്തിലേക്ക് പെട്ടെന്നൊരു സ്തബ്ദത വന്നതാണ് മക്കളിൽ മിക്കവരെയും വിഷമിപ്പിച്ചത്, ചിലർക്ക് നാട്ടിലെ സ്വത്തുക്കളിൽ ഉള്ള അവകാശ ആശങ്കകളും. അക്കൂട്ടത്തിൽ മാതാവിന്റെ വിയോഗം ദുഃഖിപ്പിച്ചത് ഇളയവൻ ജോമോനെയും മകൾ മേഴ്സിയെയും മാത്രം.

റോസമ്മയുടെ അന്ത്യാഭിലാഷം വളരെ പരിമിതമായിരുന്നു. ഭർത്താവ് ജോൺ ചാക്കോയെ അടക്കിയിരിക്കുന്ന കട്ടപ്പനയിലെ പാരിഷ് പള്ളി സിമിത്തേരിയിൽ ഭർത്താവിനരികിലായി അന്ത്യവിശ്രമം കൊള്ളണം എന്നത് മാത്രം. ആ മോഹസാക്ഷാത്കാരം സാമ്പത്തിനോട് ദുരമൂത്ത മക്കളിൽ നിന്ന് മരണപ്പെട്ട റോസമ്മ നേടിയെടുക്കുമോ ഇല്ലെയോ എന്ന് സ്‌ക്രീനിൽ കാണാം. ചിത്രത്തിൻറെ ദൃശ്യപരിസരവും, പ്രമേയ പശ്ചാത്തലവും ഇത്രമാത്രം.

നായകകഥാപാത്രമായ രാജഗോപാൽ നാരായണൻ എന്ന രാജു (മോഹൻലാൽ) മൃതദേഹസംസ്കാരം “ആഡംബരമായി” നടത്തിക്കൊടുക്കുന്ന ഡിക്‌സൺ ലോപസ് ഫ്യുണറൽ സർവീസ് എന്ന കമ്പനിയിലെ പാർട്ണർ ആണ്. ഡിക്‌സൺ ലോപ്പസ് (ദിലീഷ് പോത്തൻ) സൂര്യകുമാർ എന്ന പൊടിയൻ (ബൈജു) എന്നിവരാണ് മറ്റു പാർട്ണർമാർ. റോസമ്മയുടെ മരണം നടന്ന ദിവസം മുതലുള്ള മൂന്നുനാലു ദിവസങ്ങളിൽ ആ വീടും മരിച്ച മൃദദേഹവുമായുള്ള ഈ കഥാപാത്രങ്ങളുടെ ബന്ധം, സ്നേഹവൈകാരികതകളും, കപട സ്നേഹത്തിന്റെയും ധനാർത്തിയുടെയും സാന്ദ്രഭാവങ്ങളും, ഹാസ്യത്തിന്റെ മേമ്പൊടിയും ചേർത്തു പറയുവാൻ ശ്രമിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

പുതിയകാലത്ത് നമ്മുടെ കുടുംബബന്ധങ്ങളിൽ സമ്പത്തിൻറെ ആധിക്യവും ആർത്തിയും ഉണ്ടാക്കിയിട്ടുള്ള ശൈഥില്യങ്ങളെ രഞ്ജിത്ത് നന്നായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ അത് പറയാൻ ഉപയോഗിച്ച ട്രാക്ക് കോമഡിയുടേതാണ് എന്നത് ഏറെക്കുറെ പരാജപ്പെയട്ടതായി അനുഭവപ്പെട്ടത് അത്ഭുതപ്പെടുത്തി. കാരണം ഇന്ത്യയിലെ സൂപ്പർതാരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി കോമഡി വഴങ്ങുന്ന നടൻ മോഹൻലാൽ തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഈ സിനിമയിൽ കോമഡിയായി ദൃശ്യവൽക്കരിക്കപ്പെട്ട മിക്കവാറും രംഗങ്ങളിലും ചെറുതല്ലാത്ത കൃത്രിമത്വവും, സ്വാഭാവികതയില്ലായ്മയും അനുഭവപ്പെടുന്നുണ്ട്. രഞ്ജിത്തിനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകനിൽ നിന്നും മോഹൻലാലിലെപ്പോലെ അതുല്യ പ്രതിഭാശാലിയായ ഒരു നടനിൽ നിന്നും ഇത്തരം ഒരു പോരായ്മ മലയാളം പ്രേക്ഷകരാരും പ്രതീക്ഷിക്കുമെന്നു തോന്നുന്നില്ല.

അഭിനേതാക്കളിൽ മിക്കവരും സിനിമയിൽ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരാണെങ്കിലും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു എന്ന് പറയാതിരിക്കാനാവില്ല. പ്രത്യേകിച്ച് ഡിക്‌സൺ ലോപ്പസായി അഭിനയിച്ച ദിലീഷ് പോത്തൻ, സൗമ്യനായ ഒരു പാലക്കാടൻ ഡോക്ടറുടെ വേഷം ചെയ്ത സംവിധായകൻ ശ്യാമപ്രസാദ് എന്നിവർ മിന്നും പ്രകടനം കാഴ്ചവച്ചു. അവിശ്വസനീയമായി തോന്നിയത് സംവിധായകൻ ജോണി ആന്റണി ചെയ്ത കോമഡി വേഷമാണ്. തിയറ്ററിൽ ഒരുപക്ഷേ മോഹൻലാലിനേക്കാൾ ചിരിയുണർത്തിയത് ജോണി ആന്റണിയും ദിലീഷ് പോത്തനും തന്നെയാണ്. പതിവുപോലെ കോട്ടയത്തെ കേരളാ കോൺഗ്രസ് നേതാവായി രൺജി പണിക്കരും കസറി.

ഭർത്താവിനെ ഹണിട്രാപ്പിൽപ്പെടുത്തി വീടിനുപുറത്താക്കിയ, എന്നാൽ പ്രതിസന്ധിയിൽ കൂടെനിൽക്കുന്നവളായ സ്‌നേഹസമ്പന്നയായ രാജുവിന്റെ ഭാര്യ രേഖയായി (ആശാ ശരത്) പാകതയാർന്ന പാടവം നിലനിർത്തി. അഴകപ്പന്റെ ക്യാമറ ലണ്ടനെ മനോഹരമായി ഒപ്പിയെടുത്തു. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും, സന്ദീപ് നന്ദകുമാറിന്റെ എഡിറ്റിങ്ങും നിലവാരം പുലർത്തി.

മഹാനടൻ തിലകനെ റോസമ്മയുടെ മരിച്ചുപോയ ഭർത്താവായി ഒരു ബ്ളാക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ ഓർമ്മിപ്പിച്ചു രഞ്ജിത്ത്, ആ സമയത്തു എനിക്കദ്ദേഹത്തോട് എന്തോ ഇഷ്ടവും ബഹുമാനവും തോന്നി. ലോകത്ത് എവിടെപ്പോയാലും, ലുങ്കിയും, മുണ്ടും, ബീഫുമൊക്കെ ഇഷ്ട്ടപെടുന്ന മലയാളിയുടെ തനത് അഭിരുചികളെയും വരച്ചുകാട്ടാൻ രഞ്ജിത്ത് മറന്നില്ല.

പ്രമേയം തിരക്കഥയാക്കുന്നതിൽ സംഭവിച്ച കെട്ടുറപ്പില്ലായ്മയും, മോഹൻലാൽ എന്ന അതുല്യനടനിൽ നിന്ന് ചിരിയും കളിയും, കുസൃതിയും, ഹാസ്യരസവും ഉൽപ്പാദിപ്പിക്കാൻ രഞ്ജിത്ത് നടത്തിയ ശ്രമങ്ങളിലെ അരുചികളും ദഹിക്കായ്മകളുമാണ് ചിത്രത്തിൻറെ പോരായ്മകളായി പറയാവുന്നത്. അതത്ര ചെറിയ വീഴ്ചകളല്ല എന്ന് തിയറ്റർ വിടുമ്പോൾ തീർച്ചയായും ബോധ്യമാകും.! എങ്കിലും ഒരു വട്ടം കുടുംബത്തോടൊപ്പം കാണാവുന്ന സിനിമാതന്നെയാണ് ഡ്രാമ. അതിൽക്കൂടുതലോ , കുറവോ മറ്റൊന്നുമല്ല..!!

-അഡ്വ. ജഹാംഗീർ ആമിന റസാഖ്-