ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി; മൂന്ന് നഗരസഭയിലും ഭരണം നഷ്ടമായി

single-img
1 November 2018

കർണ്ണാടകയിൽ കുടക് ജില്ലയിലെ മൂന്ന് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. വിരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നഗരസഭകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. കുശാൽനഗറിലും സോമവാർപേട്ടയിലും ബിജെപി അധികാരത്തിൽ നിന്ന് പുറത്തായി. വിരാജ്‌പേട്ടയിൽ സ്വതന്ത്രരുടെ നിലപാടാണ് നിർണ്ണായകമായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. 18 അംഗ വിരാജ്‌പേട്ട നഗരസഭയിൽ എട്ടുസീറ്റ് നേടി ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസിന് ആറു സീറ്റും സഖ്യകക്ഷിയായ ജനതാദൾ ഒരുസീറ്റിലും വിജയിക്കുകയായിരുന്നു. മൂന്ന് സീറ്റിൽ സ്വതന്ത്രൻമാരാണ് വിജയിച്ചത്. ഇതിൽ മൂന്നുപേരും കോൺഗ്രസ്-ജനതാദൾ സംഖ്യത്തോട് ആഭിമുഖ്യം പുലർത്തുന്നവരാണ്.

ബിജെപിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച മുൻ നഗരസഭാ ചെയർപേഴ്‌സൺ ദേശമ്മയ്ക്ക് കോൺഗ്രസ് ജനതാദൾ സഖ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആറാം വാർഡിൽനിന്ന് വിജയിച്ച സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയും കോൺഗ്രസ്ജനതാദൾ സഖ്യത്തോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രൻ കോൺഗ്രസ് വിമതനാണ്.

മൂന്ന് മലയാളികൾ തമ്മിൽ ഏറ്റുമുട്ടിയ വിരാജ്‌പേട്ട ടൗൺ വാർഡായ ഗൗരിക്കരയിൽ കോൺഗ്രസിലെ സി കെ പ്രിത്യുനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുൻ ചെയർമാനായിരുന്ന ബിജെപിയിലെ ഇ.സി. ജീവനെയാണ് പ്രിത്യുനാഥ് പരാജയപ്പെടുത്തിയത്.

16 അംഗ കുശാൽനഗർ നഗരസഭയിൽ ബിജെപി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ തനിച്ച് മത്സരിച്ച കോൺഗ്രസ് ആറു സീറ്റ് നേടി. ജനതാദൾ നാലു സീറ്റുമായി നിർണായകശക്തിയായി. ഇവിടെ കോൺഗ്രസ്-ജനതാദൾ സഖ്യം നിവലിൽ വരും. സോമവാർപേട്ടയിൽ 22 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് കോൺഗ്രസ്ജനതാദൾ സഖ്യം അധികാരത്തിലെത്തുന്നത്.