മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി: അണുബാധയേറ്റ മൂന്നരവയസുകാരി ചികിത്സയില്‍; കോട്ടയത്ത് അങ്കണവാടി ജീവനക്കാരി അറസ്റ്റിൽ

single-img
1 November 2018

കോട്ടയം: മലവിസര്‍ജനം ചെയ്ത മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയതിനെത്തുടർന്ന് കുട്ടിക്ക് അണുബാധയേറ്റു. കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടറോടാണ് അങ്കണവാടിയിലെ ജീവനക്കാരി കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ച് കഴുകിയവിവരം കുട്ടി പറഞ്ഞത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈന്‍ അധികൃതരെ വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലായിരുന്നു സംഭവം. അങ്കണവാടിയിൽവെച്ച് മലവിസർജനം നടത്തുമ്പോൾ ജീവനക്കാരിയാണ്‌ പതിവായി കുട്ടിയെ കഴുകിച്ചിരുന്നത്. ഇത് കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ചായിരുന്നു. പലതവണ ഇത്തരത്തിൽ കഴുകിയതിനെത്തുടർന്ന് കുട്ടിക്ക് മലദ്വാരത്തിൽ അണുബാധയേൽക്കുകയായിരുന്നു. മറ്റു കുട്ടികളെയും ഇത്തരത്തിൽ കഴുകിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ നീതുവിനെ കോടതിയിൽ ഹാജരാക്കി.