കേന്ദ്ര സര്‍ക്കാരുമായി ഭിന്നത: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജി വെക്കുന്നു?

single-img
31 October 2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടർന്നാണു ഭിന്നത രൂക്ഷമായത്. ആദ്യമായാണു കേന്ദ്രസർക്കാർ ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പ് പ്രയോഗിക്കുന്നത്.

പൊതുതാല്പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൊണ്ടുള്ള വകുപ്പാണ് ആര്‍ബിഐ നിയമം സെക്ഷന്‍ 7. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യമായി റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്നാണ് ഊര്‍ജിതിന്റെ പരാതി. രാജി സംബന്ധിച്ച സ്ഥിരീകരണം ഊര്‍ജിതിന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല.

റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിച്ചത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ്വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം. റിസര്‍വ്വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.