അടുത്ത മാസം സൗദിയിലെ കൂടുതൽ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും: ഇളവു ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു തൊഴില്‍ മന്ത്രാലയം

single-img
31 October 2018

സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം അടുത്തമാസം 10ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം. വാച്ച്, കണ്ണട, ഇലക്ട്രിക് ഇലക്ട്രോണിക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവല്‍ക്കരിക്കുന്നത്.

ചെറുകിട, ഇത്തരം വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും വിദേശ തൊഴിലാളികളാണ്. ഇവിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഈ വര്‍ഷം ജനുവരിയിലാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം തീരുമാനിച്ചത്.

മൂന്നാം ഘട്ടം അടുത്ത വര്‍ഷം ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. മെഡിക്കല്‍ ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മാണത്തിനുളള ഹാര്‍ഡ്വെയറുകള്‍, കാര്‍പെറ്റ്, സ്വീറ്റ്സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക. വാഹനങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയത്. സ്വദേശിവല്‍ക്കരണത്തില്‍ ഇളവു ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മന്ത്രാലയം വ്യക്തമാക്കി.