വിജയിച്ചയാള്‍ മരിച്ചാലും കേസ് പിന്‍വലിക്കാനാവില്ല; കേസുമായി മുന്നോട്ട് പോകുമെന്ന് കെ.സുരേന്ദ്രന്‍

single-img
31 October 2018

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കുന്നതിന് നിയമ തടസങ്ങളുണ്ട്. വിജയിച്ചയാള്‍ മരിച്ചാലും കേസ് പിന്‍വലിക്കാനാവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.വി. അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കേസ് തുടരുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി പരാതിക്കാരനായ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.

കേസ് തുടരുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കേസില്‍ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് കോടതിയിലും ആവര്‍ത്തിച്ചത്. മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹർജി. 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്‍.