ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്ക്; മുന്നറിയിപ്പുമായി ഗാംഗുലി

single-img
31 October 2018

ബി.സി.സി.ഐയുടെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിക്കെതിരായ ‘മീടു’ വെളിപ്പെടുത്തലാരോപണം കൈകാര്യം ചെയ്ത രീതിയടക്കം ചൂണ്ടികാട്ടിയാണ് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്.

ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബി.സി.സി.ഐയ്ക്ക് പിഴവ് സംഭവിച്ചുവെന്നും ബി.സി.സി.ഐയുടെ പ്രതിച്ഛായ മോശമാകുമോയെന്ന ആശങ്കയിലാണ് താനെന്നും ഗാംഗുലി വ്യക്തമാക്കുന്നു. ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ ആശങ്കയോടെ ഒരു കാര്യം ഞാന്‍ എഴുതട്ടെ.

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്‌ക്കൊത്ത രീതിയിലല്ല. കുറേ കാലത്തെ കഠിനധ്വാനം കൊണ്ടാണ് ഭരണകര്‍ത്താക്കളും ക്രിക്കറ്റ് താരങ്ങളും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ക്രിക്കറ്റ് ആരാധകരാക്കി മാറ്റിയത്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നല്‍ ഈ ജനപിന്തുണ നഷ്ടമാകുമോയെന്ന ആശങ്ക എനിക്കുണ്ട്. ഗാംഗുലി കൂട്ടിച്ചേര്‍ക്കുന്നു.