പ്രവാസികള്‍ക്കായി ഒരുമാസത്തെ ഇളവുകൂടി നല്‍കി യു.എ.ഇ

single-img
30 October 2018

രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് വിസ ശരിയാക്കി താമസം തുടരുവാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാനും സൗകര്യമൊരുക്കി യു.എ.ഇ സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി ഒരു മാസത്തേക്ക് കൂടി നീട്ടി. നാളെ അവസാനിക്കാന്‍ ഇരുന്ന പൊതുമാപ്പ് ഡിസംബര്‍ ഒന്നു വരെയാണ് ദീര്‍ഘിപ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.എ.ഇ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞദിവസം തന്നെ പ്രചരിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ മന്ത്രിസഭ പൊതുമാപ്പ് ഏര്‍പ്പെടുത്തിയിരുന്നത്.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വിസ ശരിയാക്കി യു.എ.ഇയില്‍ തുടരുകയും ചെയ്യുന്നുണ്ട്. കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആറുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ.യില്‍ പൊതുമാപ്പ് നിലവില്‍വന്നത്. അവസാനമായി 2012ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു കാലാവധി. ഇക്കുറി പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പൊതുവെ ഇന്ത്യക്കാര്‍ കുറവായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച വരെ ഇന്ത്യന്‍ എംബസി 656 ഔട്പാസ്സുകളും, 270 പാസ്സ്‌പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും പ്രവാസി സംഘടനകളും നിരന്തരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞു വന്നിട്ടുണ്ട്.