യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത

single-img
30 October 2018

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങള്‍ യുഎഇ ഭരണകൂടത്തെ സമീപിച്ചതായാണ് വിവരം. അതേസമയം, കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഇന്ന്
ഉണ്ടായേക്കും.

എന്നാല്‍ എത്ര നാളത്തേക്ക് ആയിരിക്കും പൊതുമാപ്പ് ആനുകൂല്യം ദീര്‍ഘിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ഒരു മാസത്തേക്കോ അല്ലെങ്കില്‍ 45 ദിവസത്തേക്കോ കൂടി ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് സൂചന. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275 പാസ്‌പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു.

ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്. അനധികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികളായ തൊഴിലാളികള്‍ക്ക് നാമമാത്ര ഫീസു നല്‍കി രേഖകള്‍ ശരിയാക്കി താമസം തുടരാന്‍ പൊതുമാപ്പ് വഴി അവസരം ലഭിച്ചിരുന്നു. രാജ്യത്തു തുടരാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനും ഇതിലൂടെ സാധിക്കും. ഇതിനുമുമ്പ് 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.