ഗതാഗതകുരുക്കില്‍പ്പെട്ടത് രക്ഷയായി; എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അറിഞ്ഞത് കൃത്യസമയത്ത് പുറപ്പെട്ട വിമാനം കടലില്‍ പതിച്ചു എന്ന വാര്‍ത്ത

single-img
30 October 2018

ഇന്‍ഡൊനീഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ യാത്രാവിമാനം കഴിഞ്ഞ ദിവസമാണ് കടലില്‍ തകര്‍ന്ന് വീണ് 188 പേരെ കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്നത്. വിമാനത്തിന് സാങ്കേതികതകരാറുണ്ടായിരുന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ഈ ദുരന്ത വാര്‍ത്തക്കിടെ സന്തോഷവും ദുഖവും കലര്‍ന്ന അവസ്ഥയിലാണ് ഇന്‍ഡൊനീഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സെഷ്യാവന്‍ എന്ന യാത്രക്കാരന്‍. അപകടത്തില്‍ തകര്‍ന്ന വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നയാളായിരുന്നു സോണി.

പുലര്‍ച്ചെ മൂന്നുമണിക്കു തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സോണി മൂന്നുമണിക്കൂറിലധികം സമയം റോഡില്‍ കുടുങ്ങി 6.20നാണ് അവിടെയെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. സോണിയുടെ ഭാഗ്യമാണ് ഇത്തരത്തിലൊരു രക്ഷപ്പെടലെന്നാണ് എല്ലാവരുടേയും അഭിപ്രായം.

എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടയതിന്റെ ആനന്ദത്തോടൊപ്പം തന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുള്ള ആറു സുഹൃത്തുക്കള്‍ അപകടത്തില്‍ പെട്ടതിന്റെ വിഷമത്തിലാണ് സോണി. അപകടവാര്‍ത്തയറിഞ്ഞ് താനാദ്യം കരയുകയാണ് ചെയ്തതെന്ന് സോണി ഓര്‍മിച്ചു. പ്രിയപ്പെട്ടവര്‍ ആ വിമാനത്തിലുണ്ടെന്നോര്‍ത്തായിരുന്നു സങ്കടം.