മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

single-img
30 October 2018

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്.

എന്നാല്‍ ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്നയുടെ ഹര്‍ജി. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വൃതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയില്‍ പറയുന്നു.

ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.