കുവൈത്തില്‍ പ്രവാസികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് എംപി

single-img
30 October 2018

രാജ്യത്തെ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷമുള്ള വിദേശികള്‍ക്ക് ടാക്‌സ് നടപ്പിലാക്കാതെ സ്വദേശികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നു പ്രമുഖ സാമൂഹികപ്രവര്‍ത്തകയും വനിത പാര്‍ലമെന്റ് അംഗവുമായ സഫാ അല്‍ ഹാഷിം.

വിദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സര്‍വീസുകള്‍ക്കും ടാക്‌സ് ഏര്‍പ്പെടുത്തണമെന്നും 50 അംഗ ദേശീയ അസംബ്ലിയിലുള്ള ഏകവനിത കൂടിയായ സഫാ അല്‍ ഹാഷിം ആവശ്യപ്പെട്ടു. ടാക്‌സ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടത്തി വരുന്ന പഠന റിപ്പോര്‍ട്ടിനെതിരെ ശക്തമായ എതിര്‍പ്പാണ് സഫാ പ്രകടിപ്പിച്ചത്.

കൂടാതെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ തേടി സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 15, 000 ത്തിലേറെ സ്വദേശികളുടെ പ്രശ്‌ന പരിഹാരം എത്രയും വേഗം സര്‍ക്കാര്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 1.4 മില്യണ്‍ സ്വദേശികളും 3. 2 മില്യണ്‍ വിദേശികളുമാണുള്ളത്.