പരാതി നല്‍കാന്‍ രാത്രിതന്നെ സ്റ്റേഷനിലേക്കു വരാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു; വസ്ത്രമുരിഞ്ഞ് യുവതിയുടെ പ്രതിഷേധം: വീഡിയോ

single-img
30 October 2018

മുംബൈയിലെ ലോഖണ്ഡ്‌വാലയില്‍ സമ്പന്നര്‍ മാത്രം താമസിക്കുന്ന ഉയരം കൂടിയ ‘പോഷ് റസിഡന്‍ഷ്യന്‍ കോംപ്ലക്‌സി’ല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. ഡറാഡൂണില്‍നിന്നെത്തി മുംബൈയില്‍ താമസിക്കുന്ന യുവതി പുലര്‍ച്ചയോടെയാണ് പൊലീസിനെ തന്റെ താമസസ്ഥലത്തേക്കു വിളിച്ചുവരുത്തിയത്.

കെട്ടിടത്തിലെ കാവല്‍ക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. തനിക്കു സിഗരറ്റ് വേണമെന്ന് ഇന്റര്‍കോമിലൂടെ യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ അലോകിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അലോക് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇവരും തമ്മില്‍ ചൂടേറിയ വഴക്കും തര്‍ക്കവുമായി.

തുടര്‍ന്ന്, സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചുകൊണ്ട് യുവതി ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നെത്തിയ പൊലീസ് പരാതി നല്‍കാന്‍ രാത്രിതന്നെ തങ്ങള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് യുവതി പ്രതിഷേധിച്ചത്.

താന്‍ ഇപ്പോള്‍ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു യുവതി ആവര്‍ത്തിച്ചു പറഞ്ഞു. തന്നെ മുറിയിലേക്കു പോകാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ വഴി തടഞ്ഞുകൊണ്ടുനില്‍ക്കുന്ന പൊലീസുകാര്‍ യുവതി തങ്ങള്‍ക്കൊപ്പം ആ രാത്രിതന്നെ സ്റ്റേഷനിലേക്കു വരണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്.

പിന്നീട് യുവതി ദേഷ്യം നിയന്ത്രിക്കാനാവാതെ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചൂരി. കണ്ടുനിന്നവരില്‍ ഒരാള്‍ പോലും പ്രശ്‌നത്തില്‍ ഇടപെടുകയോ യുവതിയെ സഹായിക്കാന്‍ തയാറാകുകയോ ചെയ്തില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നഗരവാസികള്‍ സംഭവം അറിയുന്നത്.

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിലായിരിക്കുകയാണ്.