കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചതെന്ന് തോമസ് ചാണ്ടി

single-img
30 October 2018

താന്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. തനിയ്‌ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തനിക്കു നാളെ വേണേലും മന്ത്രിയാകാം പക്ഷേ തിരിച്ചു വരണമെന്ന് ഒരാഗ്രഹവുമില്ല. ഇത് അത്ര സുഖമുള്ള പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഫയല്‍ ചെയ്തപ്പോള്‍ തന്നോടോ അസിസ്റ്റന്റ് വക്കീല്‍മാരോടോ ചോദിക്കാതെയാണു പ്രതി സ്ഥാനത്ത് ചീഫ് സെക്രട്ടറിയെയും റവന്യൂ സെക്രട്ടറിയെയും വച്ചത്.

ഇതു മാറ്റാമോ എന്നു കോടതി ചോദിച്ചപ്പോള്‍ വക്കീല്‍ സമ്മതിച്ചതുമില്ല. അങ്ങനെയാണു താന്‍ മന്ത്രിയായിരുന്ന സര്‍ക്കാരിനെ മന്ത്രിതന്നെ എതിര്‍ കക്ഷിയാക്കി കേസ് വന്നെന്ന പരാമര്‍ശമുണ്ടായത്. താന്‍ രാജിവയ്ക്കുക മാത്രമല്ല, വക്കീലിനെ അപ്പോള്‍ തന്നെ മാറ്റിയെന്നും തോമസ് ചാണ്ടി എംഎല്‍എ വെളിപ്പെടുത്തി.

എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍സിപി ബുധനാഴ്ച സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനെക്കുറിച്ച് വിശദീകരിക്കാനാണ് എന്‍സിപി വാര്‍ത്താസമ്മേളനം നടത്തിയത്.

കേരളാ കോണ്‍ഗ്രസ് ബി, എന്‍സിപിയുമായി ലയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസ് തന്നെയാണ് ലയനത്തിന് മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.