യു.എ.ഇക്ക് ഇത് അഭിമാന നിമിഷം

single-img
29 October 2018

യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യുഎഇ സമയം രാവിലെ എട്ടിന് നടന്ന വിക്ഷേപണം പൂർണ വിജയമാണെന്ന് ഗവേഷണത്തിനും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മൊഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു.

ജപ്പാനിലെ ടാനേഗാഷിമി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ ഖലീഫാ സാറ്റിന് കഴിയും. പാരിസ്ഥിതിക മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ സാറ്റലൈറ്റ് പങ്ക് വയ്ക്കും. അറബ് മേഖലയിലെ എണ്ണ ചോർച്ച കണ്ടെത്താനും വെള്ളത്തിന്റെ ഗുണ നിലവാരം കണ്ടെത്താനും ഖലീഫാ സാറ്റിന് കഴിയും

എഴുപത് ഇമറാത്തി ശാസ്ത്രജ്ഞർ ചേർന്നാണ് ഖലീഫാ സാറ്റ് വികസിപ്പിച്ചെടുത്തത്. 2013 ഡിസംബറിൽ യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഖലീഫ സാറ്റ് പദ്ധതി പ്രഖ്യാപിച്ചത്. 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിൽ കറങ്ങും.