സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

single-img
29 October 2018

സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാരിന് വേണമെങ്കില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാം. വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സാലറി നല്‍കാത്തവര്‍ സ്വയം അപമാനിതരാകുന്നത് എന്തിനാണെന്നും നല്‍കിയ പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുകയെന്ന് ഉറപ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ ആ വിശ്വാസം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ഞങ്ങളും പണം നല്‍കിയിട്ടുണ്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

അതേസമയം സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.