ബുധനാഴ്ച മുതല്‍ എസ്.ബി.ഐ. എ.ടി.എം. വഴി നിലവിലുള്ളതിന്റെ പകുതി തുക മാത്രമെ പിന്‍വലിക്കാന്‍ പറ്റൂ

single-img
29 October 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന്‍ രണ്ടു ദിവസം കൂടി. ഒരു ദിവസം 40,000 രൂപ പിന്‍വലിക്കാന്‍ ഇന്നും നാളെയും കൂടി മാത്രമേ അനുമതിയുള്ളൂ. ബുധനാഴ്ച മുതല്‍ ഇത് 20,000 ആയി കുറയും.

ബാങ്കിന്റെ ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് നിയന്ത്രണം. ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. എസ്.ബി.ഐ.യുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്. എ.ടി.എം വഴിയുള്ള പണം തട്ടിപ്പിന്റെ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും എന്നാണ് ഈ മാറ്റത്തെ എസ്.ബി.ഐ വിശദീകരിക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ എസ്.ബി.ഐ പുറത്തിറക്കിയ ‘ബഡ്ഡി’വാലറ്റ് നവംബര്‍ ഒന്നിന് അവസാനിപ്പിക്കുകയാണ്. ‘യോനാ’ അവതരിപ്പിച്ച സാഹചര്യത്തിലാണിത്. ഡിസംബര്‍ 31നകം ബാങ്കിന്റെ മാഗ്‌നറ്റിക് എ.ടി.എം കാര്‍ഡുകള്‍ ഇ.എം.വി ചിപ്പ് കാര്‍ഡ് ആക്കും.