സൗദി അറേബ്യയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്

single-img
29 October 2018

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ തുടരുന്നു. രാജ്യത്തൊട്ടാകെ ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വ്യാഴാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ പ്രധാന താഴ്വരകളിലെല്ലാം പ്രളയ ജലം കെട്ടിക്കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലേക്ക് ശക്തമായ ഒഴുക്കു തുടരുകയാണ്. അതുകൊണ്ടുതന്നെ താഴ്വരകളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. വെളളക്കെട്ടുകളില്‍ വിനോദത്തിന് പോകുന്നതും നീന്തുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളില്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീര്‍, ത്വാഇഫ് കിഴക്കന്‍ മേഖല തുടങ്ങി പല ഭാഗങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിയും കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി.

മക്ക, മദീന, ഹാഇല്‍, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളിലും അഞ്ച് ദിനം കൂടി മഴയുണ്ടാകും. റിയാദില്‍ ഇന്നലെ രാവിലെ മുതല്‍ പൊടിക്കാറ്റ് തുടങ്ങി. രാത്രിയോടെ ശക്തി പ്രാപിച്ച പൊടിക്കാറ്റിന് പിന്നാലെ മഴയെത്തി. കാറ്റിന്റെ ഗതി മാറാതിരുന്നാല്‍ പതിറ്റാണ്ടിനിടെയുള്ള കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ അല്‍ ജൗഫിലെ ദോമത്തജല്‍ ജന്ദലില്‍ കനാലില്‍ കാര്‍ മിറഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് വെളളം നിറഞ്ഞ റോഡില്‍ തെന്നിമാറിയ കാര്‍ നിയന്ത്രണം വിട്ട് ജലസേചനത്തിന് ഉപയോഗിക്കുന്ന കനാലില്‍ തലകീഴായി മറിഞ്ഞാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ അല്‍ ദുവൈഹി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് തായിഫമക്ക റോഡ് താല്‍ക്കാലികമായി അടച്ചിരുന്നു. അല്‍ ഹദ അല്‍ ഹദാ റോഡില്‍ വെളളം കയറിയത് ഗതാഗതം തടസ്സപ്പെടുത്തി. പലയിടങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. അല്‍ ബാഹയില്‍ കാര്‍ ഒഴുക്കില്‍പെട്ട് പിതാവും മകനും മരിച്ചു. പ്രളയ ജലത്തില്‍ ഒഴുക്കില്‍പെട്ട 70 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.