സുബ്രഹ്മണ്യം സ്വാമിയെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കിയേക്കും

single-img
29 October 2018

ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തകാലത്ത് സുബ്രഹ്മണ്യം സ്വാമി ബിജെപി നേതൃത്വത്തെ വെട്ടിലാക്കി നടത്തിയ പ്രസ്താവനകളിലും ട്വീറ്റുകളിലും ദേശീയ അധ്യക്ഷന്‍ അമിത് ഷാ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചില ട്വീറ്റുകള്‍ എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതും സ്വാമിയ്ക്ക് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന് കാരണമായി. ധനവകുപ്പ് സെക്രട്ടറി ഹസ്മുഖ് ആദിയയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായി.

വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച് അരുണ്‍ ജെയ്റ്റിലായണെന്ന തരത്തിലുള്ള സ്വാമിയുടെ ട്വീറ്റുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശബരിമല സ്ത്രീപ്രവേസനത്തെ അനുകൂലിച്ച് സ്വാമി നടത്തിയ പ്രസ്താവനകളും അമിത്ഷായെ ചൊടിപ്പിച്ചെന്നാണ് ബിജെപി വക്താക്കള്‍ പറയുന്നത്.

സ്വാമിയുടെ പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് അമിത് ഷായുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പര്യടനത്തിനു ശേഷം തിരിച്ചെത്തിയാലുടന്‍ സ്വാമിയെ ഒഴിവാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.