ഗര്‍ഭിണികള്‍ ശരിക്കും യാത്ര ചെയ്യാന്‍ പാടില്ലേ ?: ഡോ. വീണ ജെഎസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

single-img
29 October 2018

ഗര്‍ഭിണികള്‍ യാത്ര ചെയ്യുന്നതിനെ കുറിച്ചും പ്രസവശേഷം കൃത്യമായി കിടന്ന് വിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ വീണ ജെഎസ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

ഡോക്ടര്‍ വീണയുടെ കുറിപ്പ് വായിക്കാം

ഗര്‍ഭിണി ആയിരിക്കുന്ന സമയം ഞാനും സെബാനും കോഴിക്കോടാണ് താമസിച്ചിരുന്നത്. ഓരോ ആഴ്ചകളിലും ഇടവിട്ടിടവിട്ട് സെബാന്റെ വീട്ടുകാരുള്ള അട്ടപ്പാടിയിലേക്കും എന്റെ വീട്ടുകാരുള്ള തലശ്ശേരിയിലേക്കും മാറിമാറി പോയിവരും. കാറിലാവും യാത്ര.

കണ്ടവര്‍ നേരിട്ടും കാണാത്തവര്‍ ഫോണില്‍ക്കൂടെയും അവരുടെ അവകാശങ്ങള്‍ എന്നമട്ടിലാ മുടന്തന്‍ ഉപദേശങ്ങളും അമര്‍ഷങ്ങളും എനിക്ക് മാത്രം നല്‍കിയത്. ആണ്‍പ്രിവിലേജും ആരെയും പെട്ടെന്ന് അടുപ്പിക്കാത്തതുമായ അങ്ങേരുടെ പ്രകൃതം ഈ വൃത്തികേടുകളില്‍ നിന്നും അങ്ങേരെ രക്ഷിച്ചു.

ആള്‍ക്കാര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് ഇതാണ്. അയ്യോ ഗര്‍ഭത്തില്‍ ഇങ്ങനെ യാത്ര ചെയ്യരുത്. വേണമെങ്കില്‍ ഓട്ടോ ട്രെയിന്‍ അല്ലെങ്കില്‍ വിമാനം !!! എമ്മാതിരി പ്ലിങ്ങിക്കല്‍ ആണ് നമ്മുടെ നാട്ടുകാര്‍ക്ക് മാത്രം സാധ്യമായ കലാപരിപാടികള്‍ ആണിവ. ഡോക്ടറായത് ഭാഗ്യം എന്ന് തോന്നിയ സമയം ഇതുകൂടെയാണ്.

ശരിക്കും ഗര്‍ഭിണികള്‍ യാത്ര ചെയ്തുകൂടെ?

സാധാരണഗതിയില്‍ ആദ്യത്തെ മാസങ്ങളില്‍ rest ആവശ്യമേ അല്ല. കുറെ തവണ ഗര്‍ഭമലസല്‍ നടന്നവരോടും മുപ്പത്തഞ്ചു വയസ്സില്‍ മുകളിലുള്ള(ആദ്യഗര്‍ഭം ആണെങ്കില്‍ ഈ പ്രായം കഴിഞ്ഞവരില്‍ ഗര്‍ഭമലസല്‍ റിസ്‌ക് ഉണ്ടാവാം എന്നതിനാല്‍) ആദ്യഗര്‍ഭിണികളോടുമാണ് ചിലപ്പോഴെങ്കിലും rest എടുക്കാന്‍ പറയാറ്. ഇതൊരു നിയമം അല്ല.

പ്രസവരക്ഷാ അശാസ്ത്രീയ ടീമുകള്‍ പറയുന്നത് പോലെ പ്രസവശേഷം തുണിയുമുടുത്തു, ഗര്‍ഭപാത്രത്തില്‍ കാറ്റുകയറാത്ത വിധം ഒരുകാല്‍ മറ്റേ കാലിന്റെ മുകളില്‍ കയറ്റി വെച്ച് അനങ്ങാതെ കിടക്കുന്ന rest എടുക്കാന്‍ അല്ല ആധുനിക വൈദ്യശാസ്ത്ര ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു കാരണവശാലും പ്രസവശേഷം ഇപ്പറഞ്ഞപോലെ അനങ്ങാതെ കിടക്കരുത്. എത്രപെട്ടെന്ന് എണീറ്റു നടക്കാമോ അത്രേം പെട്ടെന്ന് എണീറ്റു നടക്കണം. നന്നായി വെള്ളവും കുടിക്കണം.

Rest എന്ന് പറഞ്ഞാല്‍ എളുപ്പം ക്ഷീണിക്കുന്ന ജോലികള്‍ അരുത് എന്നാണ്‍ പ്ലാസന്റ പ്രീവിയ(മറുപിള്ള താഴെ) പോലുള്ള അവസരങ്ങളില്‍ bed rest വേണം, penterative സെക്‌സ് ചെയ്യാന്‍ പാടില്ല എന്ന് ഡോക്ടര്‍ പറയും. അത് പിന്തുടരുക. ഇല്ലെങ്കില്‍ ബ്ലീഡിങ് വന്നു കുഞ്ഞിന് അപകടം ഉണ്ടാവാന്‍ സാധ്യത ഉണ്ട്. പ്രശ്‌നങ്ങളില്ലെങ്കില്‍ സെക്‌സ് ആവാം. സീറ്റബെല്‍ട് കാര്യത്തില്‍ എന്നപോലെ ശ്രദ്ധയോടെ പൊസിഷന്‍ തെരഞ്ഞെടുക്കണം എന്നുമാത്രം.

പ്ലാസന്റ ഉണ്ടാവുന്നത് മൂന്നാം മാസം അവസാനത്തോടെയാണ്. നാലും അഞ്ചും മാസങ്ങള്‍ക്കിടയില്‍ ഉള്ള സ്‌കാന്‍ വളരെ വളരെ important ആണ്. അതിലും പ്ലാസന്റയുടെ പൊസിഷന്‍ ചോദിച്ചറിയുക. പ്ലാസന്റ താഴെയാണെങ്കില്‍ പോലും complete bed rest എടുക്കേണ്ട അവസ്ഥ ഇല്ലാ എന്നതാണ് സത്യം. ആയാസം ഉള്ള ജോലികള്‍ ഉണ്ടാവരുത്. Thats it.

ഗര്‍ഭകാലം തൊട്ടു പ്രസവശേഷം ആറാഴ്ചകള്‍ വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റാളുകളെ അപേക്ഷിച്ചു അഞ്ച് മടങ്ങ് കൂടുതല്‍ ആണ്. പ്രസവശേഷം തൊട്ടുള്ള ആറാഴ്ചകള്‍ ഗര്‍ഭാവസ്ഥയില്‍ ഉള്ളതിനേക്കാള്‍ റിസ്‌ക് കൂടുതല്‍ ആകും. രക്തം കട്ട പിടിക്കുന്ന പ്രവണത ഉള്ള സ്ത്രീകളില്‍ ഇത് വീണ്ടും കൂടുന്നു (eg:antiphospholipid antibodys yndrom).

ഗര്‍ഭനിരോധനത്തിന് daily ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നവരിലും ഈ സാധ്യത അഞ്ചു മടങ്ങ് കൂടുതല്‍ ഉണ്ട്. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവരും ഗര്‍ഭിണികളെപ്പോലെ യാത്രകളില്‍ ശ്രദ്ധിക്കണം എന്ന് സാരം. എന്തെങ്കിലും വലിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നെങ്കില്‍ ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവര്‍ അത് ഡോക്ടറെ അറിയിക്കേണ്ടതുമാണ്.

ഈ രക്തം കട്ടപിടിക്കല്‍ റിസ്‌ക് മുന്‍നിര്‍ത്തി ഓപ്പറേഷന്റെ നിശ്ചിതഡേറ്റിനു കുറച്ചാഴ്ചകള്‍ മുന്നേ ഇവ നിര്‍ത്തേണ്ടതായി വരും. ഗര്‍ഭനിരോധനഗുളികകളും ഐ പില്ലും അത്രയ്ക്ക് സേഫ് അല്ല, അത്യാവശ്യം നല്ല വില്ലന്മാര്‍ ആണെന്ന് സാരം.

രക്തം കട്ടപിടിച്ചാല്‍ എന്താ പ്രശ്‌നം?

ചെറിയ രക്തക്കട്ടകള്‍ പല രക്തക്കുഴലുകളെയും ബ്ലോക്ക് ചെയ്‌തേക്കാം.ഏത് ഭാഗത്തേക്കുള്ള രക്തപ്രവാഹമാണ് നിലയ്ക്കുക എന്നതനുസരിച്ചു മരണം അടക്കമുള്ള പലതരം ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാവും.

എന്താണ് പോംവഴി

ഗര്‍ഭത്തിന്റെ ആദ്യനാള്‍ തൊട്ടു കൃത്യമായ ആശുപത്രി ഡോക്ടര്‍ സന്ദര്‍ശനം. വീട്ടില്‍/കാട്ടില്‍/മേട്ടില്‍ പ്രസവം പ്ലാന്‍ ചെയ്യരുത് പ്ലീസ്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ യാത്രകള്‍ ആവാം. പക്ഷെ മണിക്കൂറുകള്‍ നീളുന്ന യാത്രകള്‍ ആണെങ്കില്‍ ഇടവിട്ടിടവിട്ട് എണീറ്റുനടക്കണം.

കാലുകള്‍ മടക്കി നിവര്‍ത്തണം.ആവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം സ്റ്റോക്കിങ്‌സ് ഉപയോഗിക്കണം. ഒരുപാട് വെള്ളം കുടിക്കണം. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടല്‍, ചുമ, വേദനയോടെയുള്ള ശ്വസനം എന്നിവയ്ക്ക് ഉടനെ ആശുപതിയില്‍ എത്തണം. VTE venous thromboembolism എന്ന മരണകാരണമായേക്കാവുന്ന അവസ്ഥ ആകാം ഈ ലക്ഷണങ്ങള്‍!.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കുക.ആദ്യത്തെ മൂന്നു മാസങ്ങള്‍ പൂര്‍ത്തിയാവും വരെ ഗര്‍ഭപാത്രം അരയെല്ലിന്റെ (pelvis) ഉള്ളില്‍ ആവും ഉണ്ടാവുക. അതിനുശേഷം ഗര്‍ഭം പുരോഗമിക്കുന്നതോടെ ഗര്‍ഭപാത്രം വയറിലേക്ക് ഉയരുന്നു. അതിനാല്‍ സീറ്റ് ബെല്‍റ്റ് മുറുകുമ്പോള്‍ കുഞ്ഞിന് ക്ഷതം ഏല്‍ക്കാതിരിക്കാന്‍ ബെല്‍റ്റ് കൃത്യമായി ഇടുക. താഴ്ഭാഗം അരയെല്ലിന്റെ ബോര്‍ഡറില്‍ കൃത്യം വരത്തക്കവിധവും മുകള്‍ഭാഗം ഗര്‍ഭപാത്രത്തെ ഒഴിവാക്കിയും ചിത്രത്തില്‍ കാണുന്നതുപോലെ ക്രമപ്പെടുത്തുക. ഓട്ടോ, ബസ് എന്നിവയില്‍ ഈ സുരക്ഷാ ഉണ്ടാവില്ല. ബൈക്ക്, ടു വീലര്‍ പൂര്‍ണമായും ഈ സമയത്ത് ഒഴിവാക്കുക.

അപ്പോ എങ്ങനെ?? ചലേ മേരി റാണീ മോഡ് ഓണ്‍ ആക്കുവല്ലേ??? സന്തോഷമുള്ള ഗര്‍ഭകാലം ആവട്ടെ. വീട്ടുപണി ചെയ്യിക്കാതെ വീട്ടുകാര്‍ നശിപ്പിച്ചുകളഞ്ഞവന്‍ ആണ് ഭര്‍ത്താവെങ്കില്‍ നല്ല ഭാവിയെ മുന്‍നിര്‍ത്തി അങ്ങേരെ പണിചെയ്യാന്‍ പ്രോത്സാഹിപ്പിക്കേണ്ട സമയം കൂടിയാണിത്. Its NOT I am pregnant BUT We Are Pregnant