കണ്ടന്റെയും കറുത്തമ്മയുടെയും മകനായ ‘മണികണ്ടനെ’ അവര്‍ മണികണ്ഠനാക്കി; ശേഷം ചോരയൊഴുക്കിയും ഐതീഹ്യങ്ങള്‍ മെനഞ്ഞും ശബരിമല സ്വന്തമാക്കി; മലയരയ പ്രതിനിധി കെ പി സജീവുമായുള്ള അഭിമുഖം

single-img
29 October 2018

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്രാന്വേഷകനും ഐക്യമലയര മഹാസഭാ നേതാവുമായ പി.കെ സജീവിന്റെ വെളിപ്പെടുത്തല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വിഷയമായിരുന്നു.

മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പൂര്‍വികരെയെല്ലാം ജാതി പറഞ്ഞ് അവിടെ നിന്ന് ഓടിച്ചതാണെന്നും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണ്. രണ്ടാമത്തെ പൂജാരി താളനാനി അരയനാണ്. മൂന്നാമത്തെ പൂജാരി കോര്‍മന്‍ അരയനും. പിന്നീട് 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമല അയ്യന്റെ പൂജാരിമാരായി വരുന്നത്. ശബരിമലയിലെ ഒന്നാമത്തെ പടി കമഴ്ത്തി വെച്ചിരിക്കുകയാണ് അതില്‍ കരിമലയരയന്‍ വക എന്ന് കൊത്തിവെച്ചിരിക്കുകയാണ്” സജീവ് വ്യക്തമാക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണിപ്പോള്‍.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പികെ സജീവുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം.

ശബരിമലയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ ചരിത്രം എന്താണ്?

ശബരിമല ക്ഷേത്രത്തിനു എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ശബരിമല ക്ഷേത്രത്തിലെ തന്ത്രി കുടുംബം വന്നതിനുശേഷമുള്ള കാര്യങ്ങളാണ്. വെറും 100 വര്‍ഷത്തിലധികം ആയിട്ടേയുള്ളൂ തന്ത്രി കുടുംബം ശബരിമല ക്ഷേത്രത്തില്‍ എത്തി കഴിഞ്ഞിട്ട്. പക്ഷേ ഇപ്പോഴും ചര്‍ച്ചകളില്‍ പ്രധാനമായി ഉയര്‍ന്നുവരുന്നത് അവരുടെ കാലം മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ശബരിമല ഒരു ക്ഷേത്രം മാത്രമല്ല. സിന്ധു നദീതടസംസ്‌കാരം പോലെ ഒരു വലിയ നാഗരികതയുടെ ഭാഗമാണ് ശബരിമല. ഇന്ത്യയുടെ തെക്കുഭാഗത്തുള്ള നാഗരികത എന്ന് വേണമെങ്കില്‍ പറയാം. അക്കാര്യം നമ്മള്‍ അംഗീകരിക്കണം. ഞാന്‍ ഈ സംസാരിക്കുന്നത് ഭക്തിയുടെ പേരില്‍ അല്ല. ചരിത്രം അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിച്ചാല്‍ മാത്രമേ അതിന് മൂല്യം ഉണ്ടാവുകയുള്ളൂ. പക്ഷേ ഇവിടെ അത് ഐതിഹ്യവും വിശ്വാസവുമായി മാറുകയാണ്.

ശബരിമലയുടെ സമീപത്തുള്ള നിരവധി മലകള്‍ ഞാന്‍ എന്റെ ജീവിതകാലത്തിനിടയ്ക്ക് സഞ്ചരിച്ചിട്ടുണ്ട്. ഒരു നാഗരികതയുടെ വളരെയേറെ തെളിവുകളാണ് ഇന്നും പലയിടത്തും നമുക്ക് കാണാനാകുന്നത്. അറിവുവച്ച് കാലംമുതല്‍ ശബരിമലയില്‍ പോയി തുടങ്ങിയ ഒരു വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ ആചാരപ്രകാരമാണ് ശബരിമലയില്‍ പോയിരുന്നത്. 41 നാള്‍ വ്രതവും അതില്‍ ഏഴുനാള്‍ കഠിന വ്രതവും ആയിരുന്നു അന്ന് എടുത്തിരുന്നത്.

ഏഴുനാള്‍ കുടില്‍കെട്ടി പുറത്തായിരുന്നു കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനായി ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. സ്ത്രീകളും അത്തരത്തില്‍ വൃതം പിടിച്ചിരുന്നു. വ്രതം പിടിക്കുന്ന സ്ത്രീകളെ തിരിച്ചറിയാന്‍ അവര്‍ മേല്‍മുണ്ട് ധരിക്കുന്നത് പതിവായിരുന്നു.

അക്കാലങ്ങളില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ശബരിമലയ്ക്ക് പോകുന്ന ദിവസം അയ്യപ്പന്മാര്‍ ഭക്ഷണം കഴിച്ച് കെട്ടുമുറുക്കി ഇറങ്ങുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ നെഞ്ചത്തടിച്ച് നിലവിളിക്കും. അയ്യപ്പന്മാര്‍ ശബരിമലക്ക് പോകുമ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ നിലവിളിക്കുന്ന കാഴ്ച ആദ്യകാലങ്ങളില്‍ എനിക്ക് അത്ഭുതം ഉണ്ടാക്കിയിരുന്നു. ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലും ഈ ഒരു കാഴ്ച കാണാനാകില്ല. ഹിമാലയത്തില്‍ പോകുമ്പോള്‍ പോലും ഇത്തരത്തില്‍ ഒരു സാഹചര്യം ഒരുങ്ങുന്നില്ല. എന്താണ് ഇതിനു കാരണം എന്ന് ഞാന്‍ ഒരു പഠനം നടത്തുകയുണ്ടായി.

ഞാന്‍ കണ്ടെത്തിയ വസ്തുത ഇതാണ്. അയ്യപ്പന്മാരുടെ ശബരിമല യാത്ര ഒരു യുദ്ധചരിത്രത്തിന്റെ ഓര്‍മ്മയാണ്. ശബരിമലയാത്രയും ശരംകുത്തിയും അവിടെ ശരം കുത്തുന്ന അയ്യപ്പന്മാരും രാജ്യത്തിന്റെ തെക്കു നടന്ന യുദ്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ ചോളരാജാക്കന്മാരും രാജവംശവും തമ്മിലുള്ള യുദ്ധമാണ് നമുക്ക് മനസ്സിലാകും.

തമിഴ്‌നാടിനെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളില്‍ വസിച്ചിരുന്ന ചോളന്മാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകയറുകയും പാണ്ടി രാജാക്കന്മാരെ കീഴടക്കിയ ശേഷം കേരളത്തിലേക്ക് പട നയിക്കുകയുമായിരുന്നു. നൂറു വര്‍ഷം നീണ്ട ഒരു യുദ്ധത്തിനാണ് തെക്കന്‍ ദേശം അന്ന് സാക്ഷ്യംവഹിച്ചത്. നൂറ്റാണ്ടുയുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ യുദ്ധത്തില്‍ ഈ പ്രദേശത്തുണ്ടായിരുന്നു ഭൂരിഭാഗം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് ചരിത്രം പറയുന്നത്.

കേരളം ഭരിച്ചിരുന്ന ചേരരാജവംശവും ആയ് രാജവംശവും ചോളന്മാരെ എതിരിട്ടു. സംഘ കാലഘട്ടത്തില്‍ ഇറങ്ങിയ പ്രധാന കൃതികളായ അകനാനൂറിലും പുറനാനൂറിലുമൊക്കെ നൂറ്റാണ്ട് യുദ്ധത്തെപ്പറ്റി പരാമര്‍ശമുണ്ട്. എന്നാല്‍ ചോളന്മാരോടുള്ള യുദ്ധം കടുപ്പമേറിയ ഒന്നായിരുന്നു. കാരണം പത്തു ലക്ഷത്തോളം സൈനികരും ആയിട്ടായിരുന്നു ചോളന്മാരുടെ പടയോട്ടം.

ഈ സമയത്താണ് ശ്രീ അയ്യപ്പന്റെ നേതൃത്വത്തിലുള്ള സൈന്യവും ചോളന്മാരോട് ഏറ്റുമുട്ടിയത്. യുദ്ധ പരിശീലനത്തിനു വേണ്ടിയായിരുന്നു അയ്യപ്പന്‍ ചീരപ്പന്‍ചിറയില്‍ എത്തിയതും അവിടെനിന്ന് ആയുധവിദ്യകള്‍ അഭ്യസിച്ചതും. തുടര്‍ന്ന് ചോള സൈന്യാധിപന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ അയ്യപ്പന്റെ നേതൃത്വത്തിലുള്ള സൈന്യം കരിമലയില്‍ വച്ച് പരാജയപ്പെടുത്തുകയായിരുന്നു. ഇക്കാര്യങ്ങള്‍ സാമുവല്‍ മറ്റീരെയുടെ ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

150 വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 1875 ലെ ജനസംഖ്യ പ്രകാരം മലയരയര്‍ സമുദായത്തില്‍ 12,000 പേര്‍ ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്ത് കേരളത്തില്‍ നായര്‍ ജാതി ഉരിത്തിരിഞ്ഞിട്ടില്ല. മലയാള ശൂദ്രര്‍ എന്നായിരുന്നു ആ വിഭാഗം അറിയപ്പെട്ടിരുന്നത്. 4.5 ലക്ഷം ആയിരുന്നു അവരുടെ ജനസംഖ്യ.

കമ്പം മുതല്‍ കന്യാകുമാരി വരെ ഭരിച്ചിരുന്നത് ആയ് രാജവംശം ആണെന്ന് ടോളമി തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ തിരുശേഷിപ്പുകള്‍ തെക്കന്‍ കേരളത്തില്‍ പലയിടത്തും ഇന്ന് കാണുവാന്‍ കഴിയും. അതില്‍ ശവകുടീരങ്ങളും ശില്പങ്ങളും ഉണ്ട്. വളരെ പ്രാധാന്യത്തോടെയാണ് ശവകുടീരങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നത്. കോട്ടയം ജില്ലയിലെ അന്നത്തെ വളരെ പ്രശസ്തമായ ക്ഷേത്രമായിരുന്നു എണ്ണയ്ക്കാവള്ളി. എന്നാല്‍ ഈ ക്ഷേത്രങ്ങളില്‍ ഇന്ന് ശില്പങ്ങള്‍ ഒന്നും കാണുവാന്‍ കഴിയില്ല. അതിനുകാരണം ചോളന്മാര്‍ ഈ ശില്പങ്ങള്‍ ഇളക്കിയെടുത്ത് കഴുതപ്പുറത്തു കയറ്റി തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി എന്നാണ് ചരിത്രം പറയുന്നത്.

ശബരിമലയിലെ ശ്രീ അയ്യപ്പന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന വ്യക്തി തന്നെയായിരുന്നു എന്നാണോ താങ്കള്‍/ മലയരയര്‍ വിശ്വസിക്കുന്നത്?

ശ്രീ അയ്യപ്പന്‍ 1720 ജനിച്ചയാള്‍ തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. വസുദേവരുടേയും ദേവകിയുടേയും പുത്രനായി ശ്രീകൃഷ്ണന്‍ പിറന്നു എന്ന് പറയുന്നതില്‍ നമ്മള്‍ നാണിക്കേണ്ട കാര്യമില്ല. അങ്ങനെ പറയുന്നതുപോലെതന്നെയാണ് അയ്യപ്പന്റെ പിറവിയും. 1720 ജനിച്ച അയ്യപ്പനെ കൊണ്ടുപോയി മോഹിനിയുടെയും ശിവനെയും പുത്രനെന്ന് പറഞ്ഞ് കഥയുണ്ടാക്കിയത് ബ്രാഹ്മണരാണ്. അതു വെറും കഥയാണ്. ലോകം അറിയേണ്ടത് ചരിത്രമാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ ചരിത്രം ലോകത്തെ ബോധ്യപ്പെടുത്തണം എന്നാണ് എനിക്ക് പറയുവാനുള്ളത്.

ശബരിമല സന്നിധാനത്ത് എത്തുവാനുള്ള പതിനെട്ടുപടികള്‍ പ്രതിനിധാനംചെയ്യുന്നത് ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന പതിനെട്ടു മലകളെ ആണ്. എന്നാല്‍ വരേണ്യ വിഭാഗം അത് പതിനെട്ട് പുരാണങ്ങളെ എന്നാക്കിമാറ്റി. സ്വര്‍ണ്ണം പോകുന്നതിനു മുമ്പുള്ള 18 പടികള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഏറ്റവും താഴത്തെ പടിയില്‍ ആദരമര്‍പ്പിച്ച് മലയരയന്റെ പേര് എഴുതിയിട്ടുണ്ട്. പേരെഴുതിയ പടി തിരിച്ചാണ് ഇപ്പോള്‍ ഇട്ടിരിക്കുന്നത്. അതെല്ലാം ആരുടെ ഉപായങ്ങള്‍ ആയിരുന്നുവെന്ന് വ്യക്തമാണ്. ആ പള്ളികളില്‍ ചവിട്ടി ദര്‍ശനം കണ്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ഞാന്‍.

ശബരിമലയില്‍ നിന്നും മലയരയര്‍ കുടിയിറങ്ങുകയും ഇന്നു കാണുന്ന ബ്രാഹ്മണാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്തത് എങ്ങനെയാണ്?

കുടുംബപരമായും പഠനവും മറ്റു കാര്യങ്ങളുമായി മലയരയ സമൂഹവുമായി എപ്പോഴും ബന്ധപ്പെടുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും ഈ ചോദ്യം ആ സമൂഹത്തിലെ മുതിര്‍ന്നവരോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിന് വ്യക്തമായിട്ടുള്ള ഒരു മറുപടി ലഭിച്ചില്ല എന്നു വേണം പറയാന്‍. ഒരര്‍ത്ഥത്തില്‍ അങ്ങനെ പറയാനും കഴിയില്ല. ആ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മുതിര്‍ന്ന വ്യക്തികള്‍ ഭയപ്പാടോടെയാണ് അതിനോട് പ്രതികരിച്ചിരുന്നത്. എന്തൊക്കെയോ കാര്യങ്ങള്‍ പുറത്തുപറയാന്‍ അവര്‍ ഭയക്കുന്ന പോലെ.

കഴിഞ്ഞദിവസം എന്റെ ചാനല്‍ ചര്‍ച്ച കണ്ട് കൊല്ലത്തുനിന്നും ജയചന്ദ്രന്‍ എന്ന വ്യക്തി വിളിച്ചിരുന്നു. അയാള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അതെനിക്ക് പുതിയ ഒരു അറിവായിരുന്നു. 1950ല്‍ ശബരിമല തീ വച്ചപ്പോള്‍ അവിടെ താമസിച്ചിരുന്ന ആദിവാസികളെ ലോറിയില്‍ കയറ്റി കൊല്ലത്ത് ഒരു കോളനിയില്‍ കൊണ്ട് ഇറക്കുകയായിരുന്നുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

ഇക്കാര്യം വേണമെങ്കില്‍ നമുക്ക് ഒഴിവാക്കാം. പക്ഷേ മലയരയര്‍ക്ക് ശബരിമല ക്ഷേത്രം എങ്ങനെ നഷ്ടപ്പെട്ടു എന്ന ചോദ്യങ്ങള്‍ക്ക് കാരണവന്മാരുടെ മുഖത്ത് എന്തിനാണ് ഭയം വരുന്നത്? ചോദിക്കുമ്പോഴെല്ലാം ഇക്കാര്യങ്ങള്‍ നിങ്ങളോടു പറയില്ല എന്നാണ് അവര്‍ പറയുന്നത്. ഈ ഒരു കാര്യത്തില്‍ അവര്‍ക്ക് എങ്ങനെയാണ് ഇത്ര വലിയ ഭയം വന്നത്? അന്ന് കൂട്ടക്കുരുതി ആയിരുന്നു അവിടെ നടന്നത്. ബാക്കിവന്നവരെ നിര്‍ദ്ദാക്ഷിണ്യം അടിച്ചോടിക്കുകയായിരുന്നു. ചോരമണക്കുന്ന ചരിത്രമാണ് അതിനു പിന്നിലുള്ളതെന്ന് യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കണം.

മലയരയര്‍ ആരാധന നടത്തിക്കൊണ്ടിരിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത ശബരിമല ക്ഷേത്രം എങ്ങനെയാണ് ബ്രാഹ്മണരുടെ കണ്ണില്‍പ്പെട്ടത്?

ശബരിമല ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പും ജനങ്ങള്‍ വരുമായിരുന്നു. മലയരയ സമുദായത്തില്‍പ്പെട്ട ധാരാളം കാരണവന്മാര്‍ അമ്പലം ആ കാലയളവില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരെല്ലാം പറയുന്നത് എന്നും ആയിരക്കണക്കിന് ഭക്തര്‍ അമ്പലം തേടി എത്തുമായിരുന്നു എന്നുതന്നെയാണ്. അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുപ്രസിദ്ധരായിരുന്നു. അവരെ ഉപയോഗിച്ചുകൊണ്ടാണ് ബ്രാഹ്മണമേധാവിത്വം അരയസമുദായത്തെ കാട്ടില്‍നിന്നും തുരത്തിയത്.

41 ദിവസത്തെ വൃതം സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങളുണ്ട്. മലയരയ സമുദായത്തില്‍പ്പെട്ട കണ്ടനും ഭാര്യ കറുത്തമ്മക്കും ഉത്തരം ജനിക്കുന്നത് 41 ദിവസത്തെ വൃതം എടുത്തിട്ടാണ് എന്നാണ് മലയരുടെ ഇടയില്‍ പ്രചരിക്കുന്ന ഐതിഹ്യം. കോര്‍മ്മന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗുരുവിനെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ വ്രതമെടുത്ത് എന്നും പറയപ്പെടുന്നു. കറുത്തമ്മ ഗര്‍ഭിണിയായ ശേഷം 18 മലകളില്‍ ഒന്നായ പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ ചെന്ന് അവര്‍ താമസമാക്കുകയും അവിടെവച്ച് ശ്രീ അയ്യപ്പന് ജന്മം നല്‍കുകയായിരുന്നു എന്നും ആണ് ഐതിഹ്യം. കോര്‍മ്മന്‍ എന്ന ഗുരുവിന്റെ കഥ എന്തോ ആയിക്കൊള്ളട്ടെ, പക്ഷേ ശബരിമലയില്‍ ആദ്യ പൂജാരി കളില്‍ ഒരാളായി കോര്‍മ്മന്‍ എന്ന് പേരുള്ള ഒരാള്‍ ഉണ്ട്.

കരിമല അരയന്‍

ശബരിമലയുടെ പൂജാരികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യ പൂജാരി എന്നറിയപ്പെടുന്നത് കരിമല അരയന്‍ ആണ്. രണ്ടാമത്തെ പൂജാരിയായി കാളയാനി അരയനും മൂന്നാമത്തെ പൂജാരിയായി കോര്‍മന്‍ അരയനുമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചുരാമന്‍ എന്ന പൂജാരിയേയും കരിങ്കൊന്തി ഓപ്പ എന്ന പൂജാരിയേയും ശബരിമല ചരിത്രത്തില്‍ കാണാന്‍ സാധിക്കും. കരിങ്കൊന്തി ഓപ്പയുടേയും കൊച്ചുരാമന്‍ അരയന്റെയും പിന്‍തലമുറക്കാര്‍ ഇപ്പോഴുമുണ്ട്. കൊച്ചുരാമന്‍ അരയന്റെ പേരക്കുട്ടിക്ക് ഇന്ന് 90 വയസ്സില്‍ അധികമുണ്ട്. ഇവരുടെയൊക്കെ ചരിത്രം മറച്ചിട്ടാണ് ശബരിമല ക്ഷേത്രം ബ്രാഹ്മണര്‍ സ്വന്തമാക്കിയത്.

മലയരയ ഗോത്രത്തിന്റെ കൈയില്‍ ഇരുന്ന ശബരിമല ഈ ആധുനിക കാലത്ത് ബ്രഹ്മണനേതൃത്വത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആചാരപരമായും ഭൗതികപരമായും എന്തെല്ലാം മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ട്?

ശബരിമല ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രം വളരെ പ്രശസ്തമാണ്. ചിത്രത്തില്‍ കാണുന്ന ശബരിമലയ്ക്ക് ഇന്നത്തെ ശബരിമലയുമായി യാതൊരു ബന്ധവുമില്ല. അതിനും ഒരു അന്‍പത് വര്‍ഷം പിറകിലേക്ക് ഒന്ന് ചിന്തിച്ചു നോക്കുക. അതായിരുന്നു മലഅരയന്മാരുടെ കയ്യിലുണ്ടായിരുന്ന ശബരിമല. കൊടും കാടിനുള്ളിലെ ഒരു ക്ഷേത്രം. അതായിരുന്നു യഥാര്‍ത്ഥത്തില്‍ അന്ന് ശബരിമല. എന്നാല്‍ കാട് എന്നതിലുപരി നിറയെ പുരത്തറകളും കല്ലറകളും അവിടെയുണ്ടായിരുന്നു. സാമുവല്‍ മക്കിന്റോയുടെ എഴുത്തുകളില്‍ ഇത് വ്യക്തമാണ്.

മലയരയ സമുദായത്തെ പറ്റി വ്യക്തമായ കാര്യങ്ങള്‍ മക്കിന്റോ തന്റെ ഗവേഷണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സമുദായങ്ങളെ പോലെയല്ല ഉന്നത ജീവിത നിലവാരം ഉള്ളവരായിരുന്നു മലയരയര്‍ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആയ് രാജവംശത്തിന്റെ അവശേഷിക്കുന്ന വിഭാഗമായിരുന്നു മലയരയര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചിറ്റരജര്‍ എന്ന ഗോത്രത്തില്‍ നിന്നുമാണ് ആയ് രാജവംശം പിറന്നത് എന്നാണ് ചരിത്രം പറയുന്നത്. മലകളും പര്‍വ്വതങ്ങളും കാടുകളും ആയി ബന്ധപ്പെട്ട ഗോത്രം ആയിരുന്നു ചിറ്റരജര്‍. അവര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളാണ് കേരളത്തില്‍ അന്നുണ്ടായിരുന്നത്. ഇന്ന് കാണുന്ന പല ക്ഷേത്രങ്ങളും അവയില്‍പ്പെട്ടവയാണ്. ഇതൊന്നും ചിലര്‍ പറയുന്നതുപോലെ പന്തളം രാജവംശം നിര്‍മ്മിച്ചതല്ല. പന്തളം രാജവംശം ഇവിടെ വന്നിട്ട് എത്ര വര്‍ഷമായെന്ന് എല്ലാവര്‍ക്കുമറിയാം. അതിനും ഒത്തിരിക്കാലം മുമ്പുള്ള ക്ഷേത്രങ്ങളാണ് ഇവയൊക്കെ. പന്തളം രാജകുടുംബം അയ്യപ്പന്റെ കാര്യത്തില്‍ ചെയ്തത് ബ്രാഹ്മണര്‍ക്ക് അനുകൂലമായി കഥകള്‍ ഉണ്ടാക്കുക എന്നുള്ളതു മാത്രമായിരുന്നു. ആ കഥയുടെ പേരിലാണ് ഇന്ന് ചിലര്‍ നിലനില്‍ക്കുന്നതുതന്നെ.

ശബരിമല വിഷയത്തില്‍ വരേണ്യ വിഭാഗം ഐതീഹ്യം പറയുമ്പോള്‍ മലയരയര്‍ പറയുന്നത് ചരിത്രമാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ആശയപോരാട്ടത്തെ എങ്ങനെ കാണുന്നു?

ബ്രാഹ്മണ പൂജാരികളും രാജാക്കന്മാരും പറയുന്നതുപോലെ മഹിഷിയെ കൊല്ലാനാണ് ശ്രീ അയ്യപ്പന്‍ ജനിച്ചത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം ചോളരെ എതിരിടുക എന്നുള്ളതായിരുന്നു. അതിന്റെ ആവശ്യത്തിലേക്കായി അയ്യപ്പന്‍ ചീരപ്പന്‍ചിറയുമായി ബന്ധപ്പെടുന്നത്. അവിടുത്തെ പെണ്‍കുട്ടി അയ്യപ്പനെ കണ്ടു ഇഷ്ടപ്പെടുകയും തന്നെ ഇംഗിതം അറിയിക്കുകയും ചെയ്തുവെന്ന് ചീരപ്പന്‍ചിറകാര്‍ വിശ്വസിക്കുന്നു. എന്നാല്‍ അയ്യപ്പന്‍ അത് അംഗീകരിച്ചില്ല. ചീരപ്പന്‍ചിറക്കാര്‍ക്ക് ശബരിമലയില്‍ അവകാശം സിദ്ധിച്ചത് ഇക്കാരണത്താലും ശ്രീ അയ്യപ്പന്റെ ആയുധ പരിശീലനം മൂലമാണെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ചരിത്രങ്ങളെയും ഐതിഹ്യങ്ങളെയും വളച്ചൊടിച്ച് തങ്ങളുടേത് ആക്കുകയായിരുന്നു ബ്രാഹ്മണമേധാവിത്വം.

ശബരിമലയിലെ ആദ്യകാല പൂജാരിമാരായ അരയന്മാര്‍ താമസിച്ചിരുന്നത് കരിമലയില്‍ ആണ്. ഈ പ്രദേശം പരിശോധിച്ചാല്‍ അറിയാം, വളരെ ഉന്നത നിലവാരമുള്ള ജീവിതമായിരുന്നു അവരുടേത്. വെട്ടുകല്ല് കൊണ്ടായിരുന്നു അവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. അന്നത്തെക്കാലത്ത് വെട്ടുകല്‍ എന്നത് വിലകൂടിയ സാധനമായിരുന്നു. ഇതെല്ലാം ഒരു നാഗരികതയുടെ ഭാഗമാണ്. വിശ്വാസികള്‍ പറയുന്നതുപോലെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്നതുപോലെ ശബരിമല ക്ഷേത്രവും അയ്യപ്പനും സ്വയംഭൂവല്ല. പക്ഷേ അങ്ങനെ വിശ്വസിക്കാന്‍ അല്ലെങ്കില്‍ വിശ്വസിപ്പിക്കാനാണ് വരേണ്യ വിഭാഗം ശ്രമിച്ചതും ഇപ്പോള്‍ ശ്രമിക്കുന്നതും.

മലയരയര്‍ പൂജിച്ചിരുന്ന സമയത്തെ വിഗ്രഹവും ബ്രാഹ്മണ വിഭാഗം കടന്നു വന്നതിനു ശേഷമുള്ള വിഗ്രഹവും വ്യത്യാസപ്പെട്ടിട്ടുണ്ടോ?

ക്ഷേത്രത്തിന്റെ തുടക്കത്തിലും ശ്രീ അയ്യപ്പന്റെ പ്രതിഷ്ഠ തന്നെയായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ശാസ്താവ് എന്നൊരു സങ്കല്പം ഒന്നും കടന്നുവന്നിട്ടില്ല. അതിനുകാരണം ശബരിമലയില്‍ കുടികൊള്ളുന്ന അയ്യപ്പനും ശാസ്താവ് എന്ന സങ്കല്‍പ്പവും രണ്ടും രണ്ടാണ്. ശാസ്താവ് വിവാഹം കഴിച്ച വ്യക്തിയാണ്. ശ്രീ അയ്യപ്പന്‍ ഈ ലോകത്ത് ജീവിച്ചിരുന്നയാളും. അവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ വരേണ്യ വിഭാഗം പുതിയ കഥകള്‍ ഉണ്ടാക്കി അവരെ തമ്മില്‍ ബന്ധിപ്പിക്കുകയായിരുന്നു.

പുരാതന കേരള ക്ഷേത്രങ്ങള്‍ ചരിത്ര വസ്തുതകള്‍ പേറുന്ന ഒരിടം കൂടിയാണ് എന്ന് താങ്കള്‍ പറഞ്ഞു. അയ്യപ്പനുമായി ബന്ധപ്പെട്ട ഒത്തിരി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഈ ചരിത്രങ്ങളെ ബ്രഹ്മണ മേധാവിത്വം വളച്ചൊടിക്കാനോ നശിപ്പിക്കാനോ ശ്രമിച്ചുവെന്ന് താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നുണ്ടോ?
ശബരിമല ക്ഷേത്രം കൈവശമുള്ളതുകൊണ്ടാണ് താഴമണ്‍ തന്ത്രിമാര്‍ ഇന്ന് പ്രശസ്തരായി നില്‍ക്കുന്നത്. മലയരയരാണ് അവിടുത്തെ കാര്യക്കാരെങ്കില്‍ അവരായിരിക്കും ഇന്ന് സമൂഹത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ അതുണ്ടായില്ല. വരും കാലങ്ങളിലെ നേട്ടങ്ങള്‍ മുന്‍കൂട്ടിക്കണ്ട ബ്രാഹ്മണ മേധാവിത്വവും ഭരണാധിപരും ദുര്‍ബലരായ മലയരയരെ അടിച്ചൊതുക്കുകയായിരുന്നു.

മൂഴിക്കല്‍ കുഞ്ഞിരാമന്‍ എന്ന വ്യക്തി, മരിച്ചിട്ട് ഇപ്പോള്‍ 70 വര്‍ഷത്തോളമായിക്കാണും. മൂഴിക്കല്‍ കുഞ്ഞിരാമന്റെ അച്ഛന്റെ പേര് അയ്യപ്പന്‍ എന്നായിരുന്നു. നിലയ്ക്കല്‍ ക്ഷേത്രവും അതിനു പിറകിലുള്ള വലിയകുളം അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു. 1884 കേരളം സന്ദര്‍ശിച്ച ഹെന്‍ട്രി ബേക്കര്‍ അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടുണ്ട്. വലിയ ധനികനായിരുന്നു അദ്ദേഹം.നിലയ്ക്കല്‍ ക്ഷേരതത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ പുരാതനമായ ശില്‍പ്പങ്ങള്‍ ഇന്നും ആര്‍്ക്കും വേണ്ടാതെ കിടക്കുന്നുണ്ട്.

മലയരയരുടെ അധീനതയില്‍ വനത്തിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും കല്ലില്‍ തീര്‍ത്ത വലിയ ശില്പങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ സമുദായത്തിന്റെ കീഴില്‍ ആരംഭിച്ച ശ്രീ ശബരീശ കോളേജിന്റെ വെബ്‌സൈറ്റില്‍ ഇതിനെപ്പറ്റിയുള്ള ചരിത്രം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് രണ്ട് ശില്പങ്ങളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. ആ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും അതിന് എത്ര നൂറ്റാണ്ടുകള്‍ പഴക്കം ഉണ്ട് എന്നുള്ളത്.

കഴിഞ്ഞകൊല്ലം ഗവേഷണ സംബന്ധമായി ഞാന്‍ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കുളത്തൂപ്പുഴ, അച്ചന്‍കോവില്‍., ആര്യന്‍കാവ് എന്നീ ശാസ്താക്ഷേത്രങ്ങള്‍ ആയിരുന്നു ഞങ്ങള്‍ സന്ദര്‍ശിച്ചത്. പ്രാചീന ക്ഷേത്രങ്ങളായ ഇവിടെയൊന്നും ചരിത്രത്തിന് ശേഷിപ്പുകള്‍ ഒന്നും കാണാനില്ല എന്നുള്ളതാണ് വാസ്തവം.

ആര്യങ്കാവ് ക്ഷേത്രത്തില്‍ പ്രാചീനമായ ഒരു വിഗ്രഹം മണ്ണിനടിയില്‍ കിടക്കുകയാണ്. കുളത്തുപ്പുഴ ക്ഷേത്രത്തില്‍ പ്രാചീനമായ സ്തൂപങ്ങളോക്കെ സിമന്റ് തേച്ച് അധികാരികള്‍ മറച്ചിരിക്കുന്നു. അവിടെ കാണാന്‍ കഴിഞ്ഞു മറ്റൊരു കാഴ്ച തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ക്ഷേത്രത്തിലെ പ്രാചീനമായ സ്തൂപങ്ങള്‍ ഒക്കെ ഇളക്കിയെടുത്ത് ആളുകള്‍ നടന്നു പോകുന്ന വഴിയില്‍ പടികളായി ഉപയോഗിച്ചിരിക്കുന്നു. എന്തിനാണ് ഇവര്‍ ഇത്തരത്തില്‍ ചരിത്രങ്ങള്‍ നശിപ്പിക്കുന്നത്? കേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളും അതിന്റെ ചരിത്രഗവും മുഴുവന്‍ നശിപ്പിച്ചു കൊണ്ടുള്ള ഒരു കൈയേറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനുദാഹരണം നമുക്ക് മുന്നില്‍ തന്നെ ദൃശ്യമാണ്. മലയരയരുടെ കയ്യില്‍നിന്നും ശബരിമല ക്ഷേത്രം എങ്ങനെ നഷ്ടപ്പെട്ടു എന്നുള്ളതിന് ഉദാഹരണങ്ങള്‍ കൂടിയാണ് ഇവ.

ശബരിമലയില്‍ ഇപ്പോഴുള്ളത് ശ്രീ അയ്യപ്പന്‍ സ്വര്‍ണ്ണവിഗ്രഹമാണ്. എന്താണ് ഈ മാറ്റത്തിന് പിന്നില്‍?
ശബരിമല ക്ഷേത്രത്തില്‍ ആദ്യ പുനപ്രതിഷ്ഠ നടന്നത് ആയിരത്തിതൊള്ളായിരത്തി ഒന്നിലാണ്. ശ്രീ അയ്യപ്പന്‍ പ്രതിഷ്ഠ പരശുരാമന്‍ സ്ഥാപിച്ചു എന്നു പറയുന്നതൊക്കെ വരേണ്യ കഥകളുടെ ഭാഗമാണ്. ഒരിക്കലും അങ്ങനെയല്ല. മലയരയന്‍ സമുദായത്തിന് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാം. എന്നാല്‍ ആധാരം ഇന്ന് ചോദിക്കുന്നില്ല, ഞങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും ശബരിമല ക്ഷേത്രത്തിലെ നിലവിലെ പൂജാരിമാരുടെ വാക്കുകള്‍ വിശ്വസിക്കുവാന്‍ ആണ് താല്പര്യം.

ബ്രഹ്മണ മേധാവിത്വവും ഭരണ നേതൃത്വവുമൊക്കെ ക്ഷേത്രം കൈക്കലാക്കിയതിന് പിന്നാലെയാണ് വിഗ്രഹത്തിനും മാറ്റം വന്നിട്ടുള്ളത്. അവരുടെ സ്റ്റാറ്റസിന് അനുസരിച്ചുള്ള വിഗ്രഹം അവര്‍ വച്ചു എന്നു പറയാം. കാടും മലയുമായി ബന്ധമുള്ളവരാണ് മലയരയര്‍. അവര്‍ക്ക് സ്വര്‍ണ്ണത്തിന്റെ ആവശ്യമില്ല. ആ ഒരു മാറ്റം ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തില്‍ കാണുവാനുണ്ട്.

മലയരയ സമുദായത്തിന്റെ അധീനതയില്‍ ശബരിമല ക്ഷേത്രം ഉണ്ടായിരുന്ന സമയത്ത് പൂജാരിമാരും അവരുടെ കുടുംബങ്ങളും താമസിച്ചിരുന്നത് കരിമലയില്‍ ആയിരുന്നു. കരിമലയില്‍ ഇപ്പോഴും മലയരയരുടെ ശവകുടീരങ്ങള്‍ കാണാം. പില്‍ക്കാലത്ത് വരേണ്യരുടെ അധിനിവേശത്തെത്തുടര്‍ന്ന് ഓടിപ്പോകേണ്ടിവന്ന മലയരയര്‍ തൊടുപുഴ മുള്ളരിങ്ങാട് വരെ താമസമാക്കിയിരുന്നു. കൊച്ചുരാമന്‍ എന്ന ശബരിമല പൂജാരിയുടെ മകന്‍ ആദിത്യന്‍ നൂറ്റിപ്പത്ത് വയസ്സുവരെ ജീവിച്ചിരുന്നു. അദ്ദേഹത്തോട് ഞാന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. കരിമലയിലെ ബാല്യകാലം അദ്ദേഹം എന്നോട് വിവരിച്ചിട്ടുണ്ട്.

പ്രാചീനകാലത്ത് പൊന്നമ്പലമേട്ടില്‍ ക്ഷേത്രമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഈ അടുത്തകാലംവരെ അവിടെയുണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം എനിക്കറിയില്ല. ചരിത്രം മറയ്ക്കാന്‍ അധികാരികള്‍ നശിപ്പിച്ചു എന്നുള്ള കാര്യം അന്വേഷിക്കണം. ചരിത്രങ്ങള്‍ പലരെയും പൊള്ളിക്കുന്നുണ്ട്. കഴിഞ്ഞദിവസം ശബരിമലയിലെ പതിനെട്ടാംപടിയിലെ ഒന്നാം പടിയെപ്പറ്റി ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നല്ലോ. പലര്‍ക്കും അതൊരു പുതിയ അറിവാണ്. അത്തരത്തിലൊരു ശേഷിപ്പ് അവിടെയുണ്ടെങ്കില്‍ അതും നശിപ്പിക്കാനായി പലരും ശ്രമിക്കും. അതുപോലെ തന്നെയാണ് പൊന്നമ്പലമേട്ടിലെ ക്ഷേത്രത്തിന്റെ കാര്യവും.

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്താണ് അതിന്റെ സത്യാവസ്ഥ?

ശബരിമലയിലെ മകരദീപം തെളിയിക്കുന്ന സംഭവം വാര്‍ത്തകളിലേക്ക് വന്നത് 2012 പുല്ലുമേട് ദുരന്തത്തോട് കൂടിയാണ്. അതുവരെ ഇക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനുമുമ്പ് ദേവസ്വംബോര്‍ഡും തന്ത്രിമാരും പ്രചരിപ്പിച്ചിരുന്നത് മകരവിളക്ക് ദൈവനിര്‍മ്മിതം എന്നായിരുന്നു. അതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ. ശബരിമലയില്‍ എത്തുന്ന ഭക്തന്റെ കയ്യിലെ അവസാനത്തെ ചില്ലിക്കാശുപോലും ഊറ്റിയെടുക്കാന്‍ ഉള്ള ശ്രമത്തിന് ഭാഗമായിരുന്നു പ്രചരണം. എന്നാല്‍ പുല്ലുമേട് ദുരന്തം ഉണ്ടായതിനു പിറകെ മലയരയരാണ് ദീപം തെളിയിക്കുന്നതെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് കൈകഴുകുകയായിരുന്നു. കുറ്റം മുഴുവന്‍ തങ്ങളുടെ മുകളില്‍ കെട്ടിവച്ച് ദേവസ്വംബോര്‍ഡ് ഉള്‍പ്പെടുന്ന വരേണ്യവിഭാഗം രക്ഷപ്പെട്ടു.

അതായത് ആ മരണത്തിന്റെ ഉത്തരവാദിത്വം മലയരയന്‍മാര്‍ ഏറ്റെടുക്കണം എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങള്‍ അന്ന് കോട്ടയത്ത് ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. ഇപ്പോള്‍ മകരവിളക്ക് തെളിയിക്കുന്നത് ഞങ്ങള്‍ അല്ലെന്നും അതിനെപ്പറ്റി ഒരു ചര്‍ച്ചയാകാമെന്നും ഞങ്ങള്‍ അന്ന് ആ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാനോ അതിനു മറുപടി പറയാനോ തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും ദേവസ്വംബോര്‍ഡും ശ്രമിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന അവകാശം മലയരയര്‍ക്ക് തിരിച്ചുനല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവരും അത് കേട്ടമട്ട് കാണിച്ചില്ല.

പക്ഷേ അതുകൊണ്ടൊരു ഗുണമുണ്ടായി. ഇതിന്റെ ഭാഗമായുള്ള എല്ലാ ചരിത്രങ്ങളും ഞങ്ങള്‍ ശേഖരിച്ചു. എഴുന്നൂറോളം പേജുകളുള്ള ചരിത്രരേഖകള്‍ ഇന്ന് ഞങ്ങളുടെ കൈവശമുണ്ട്. പന്തളം രാജകൊട്ടാരത്തില്‍ കൈവശമിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണ കൂട്ടത്തില്‍ മലയരയരെ സംബന്ധിക്കുന്ന കൊടികള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം പോലും ആ രേഖകളിലുണ്ട്. മനുഷ്യര്‍ തെളിയിക്കുന്ന ഒന്നാണ് മകരവിളക്ക് എന്നുള്ള കാര്യം ഏവര്‍ക്കും അറിയാം. അത് തെളിയിച്ചു കൊണ്ടിരുന്നത് മലയരയ സമുദായമാണ് എന്നുള്ള കാര്യമാണ് ഞങ്ങള്‍ പറയുന്നത്.

എന്നാല്‍ വരേണ്യ വിഭാഗവും ദേവസ്വംബോര്‍ഡും ആദ്യം മകരവിളക്ക് മനുഷ്യരാണ് തെളിയിക്കുന്നത് എന്നുള്ള കാര്യം സമ്മതിച്ച തരുവാന്‍ തയ്യാറായിരുന്നില്ല. അതിന്റെ ഭാഗമായി യുക്തിവാദികള്‍ ഈ സത്യം പുറത്തുകൊണ്ടുവരാന്‍ 1996ല്‍ പൊന്നമ്പലമേട്ടിലേക്ക് പ്രവേശിച്ചതും പോലീസിനെ മര്‍ദ്ദനം ഏറ്റു വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നല്ലോ. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ യുക്തിവാദികളോട് പറഞ്ഞ ഒരു കാര്യമുണ്ട്. മകരവിളക്ക് എങ്ങനെയാണ് തെളിയുന്നത് എന്നുള്ള കാര്യം ഞങ്ങള്‍ക്കറിയാം. പക്ഷേ അതിന്റെ സത്യം കണ്ടുപിടിക്കാന്‍ നിങ്ങളെ അങ്ങോട്ടേക്ക് കയറ്റി വിടാന്‍ കഴിയില്ല എന്ന്.

ഓരോ മണ്ഡലകാലത്തും സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയായിരുന്നു മകരവിളക്ക് സത്യം ജനങ്ങളില്‍നിന്നും മറച്ചുവച്ചത്. മലയരയ സമുദായം അന്നും ഇന്നും പറയുന്നത്, മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണ് എന്നുതന്നെയാണ്.

പൊന്നമ്പലമേട്ടില്‍ മകരജ്യോതി താനെ തെളിയുന്നതാണ് എന്നാണല്ലോ പറയുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും ഐതിഹ്യമുണ്ടോ?

മകരജ്യോതി താനെ തെളിയുന്നു എന്ന തരത്തില്‍ ഒരു ഐതിഹ്യവും ഇല്ല. മകരജ്യോതി താനെ തെളിയുന്നതുമല്ല. ശ്രീ അയ്യപ്പന്‍ സമാധികൊണ്ട ഇടമാണ് ശബരിമല. ശബരിമലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ചുറ്റും മലകളാണ്. മറ്റൊരു വ്യക്തിക്ക് ശബരിമലയില്‍ എത്താന്‍ അന്നത്തെക്കാലത്ത് പ്രയാസമായിരുന്നു. സ്വസ്ഥതയോടെ അവസാനകാലം കഴിച്ചുകൂട്ടുവാന്‍ വേണ്ടിയാണ് ശ്രീ അയ്യപ്പന്‍ ശബരിമല തിരഞ്ഞെടുത്തത് എന്ന് വ്യക്തം.

ഇനി ശബരിമല തിരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്. ശബരി എന്ന താപസ്വി തപസ്സ് ചെയ്ത ഇടമാണ് ശബരിമല. അതുകൊണ്ടുകൂടിയാണ് ശ്രീ അയ്യപ്പന്‍ അവിടം തെരഞ്ഞെടുത്തത്. ശ്രീ അയ്യപ്പന്‍ ശബരിമലയില്‍ സമാധിയാകുന്ന സമയത്ത് പൊന്നമ്പലമേട്ടില്‍ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും താമസിക്കുകയാണ്.

ശ്രീ അയ്യപ്പന്‍ സമാധിയായ ശേഷം, ആ സമയം സങ്കല്‍പ്പിച്ച് പൊന്നമ്പലമേട്ടില്‍ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും ദീപം തെളിയിക്കാന്‍ തുടങ്ങി. വനത്തില്‍ നിന്നും ശേഖരിക്കുന്ന തെള്ളിപ്പൊടി കൊണ്ടായിരുന്നു അവര്‍ അന്ന് ദീപം ഉണ്ടാക്കിയിരുന്നത്. ഈ സംഭവമാണ് ഇക്കാലത്ത് വലിയ വിഭാഗം മകരജ്യോതി എന്ന പേരില്‍ പുനഃസൃഷ്ടിച്ചത്.

ഇപ്പോള്‍ ശബരിമലയില്‍ നിന്ന് രണ്ട് പൂജാരിമാര്‍ പൊന്നമ്പലമേട്ടില്‍ എത്തി കര്‍പ്പൂരം കൊണ്ട് ആരതിയുഴിയുകയാണ് ചെയ്യുന്നത്.

താങ്കള്‍ മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നുവല്ലോ മണികണ്ഠന്‍ അല്ല മണികണ്ടന്‍ എന്നാണ് അയ്യപ്പന്റെ വിളിപ്പേര് എന്നുള്ളത്. ‘മണികണ്ടന്‍’ പില്‍ക്കാലത്ത് മണികണ്ഠന്‍ ആയി പരിണമിക്കുകയായിരുന്നു. അയ്യപ്പന്റെ പിതാവിന്റെ പേര് കണ്ടന്‍ എന്നായിരുന്നു.

മണി എന്നുപറഞ്ഞാല്‍ നാട്ടുഭാഷയില്‍ ചെറുത് എന്നാണ് അര്‍ത്ഥം. വലിയ കണ്ണന്റെ മകന്‍ ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള മണികണ്ടന്‍ എന്നായിരുന്നു അയ്യപ്പനെ വിളിച്ചിരുന്നത്. ശബരിമല ക്ഷേത്രത്തില്‍ ബ്രാഹ്മണന്മാര്‍ കടന്നു കയറിയപ്പോള്‍ അവിടെ ഉപയോഗിച്ചിരുന്ന ആചാരങ്ങള്‍ക്കൊപ്പം ഭാഷയ്ക്കും മാറ്റംവന്നു. മണികണ്ടന്‍ അങ്ങനെ മണികണ്ഠന്‍ ആയി പരിണമിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ പേര് സംബന്ധിച്ച് ഒരു വിവാദം ഉണ്ടല്ലോ. അയ്യപ്പക്ഷേത്രം എന്നാണെന്നും അതല്ല ശാസ്താക്ഷേത്രം ആണെന്നും ഇടയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്താണ് ഇതിന്റെ സത്യം?

ശബരിമല ക്ഷേത്രം അയ്യപ്പക്ഷേത്രം തന്നെയാണ്. അത് ശാസ്താക്ഷേത്രം അല്ല. ഇക്കാര്യത്തിലും ചില ചരിത്രങ്ങള്‍ നമുക്ക് പറയേണ്ടിവരും. ബുദ്ധമതവും ജൈനമതവും ഒരുകാലത്ത് ഹിന്ദുമതത്തെ വിഴുങ്ങിയ മതങ്ങള്‍ ആയിരുന്നു. അതിനുശേഷം ശ്രീ ശങ്കരാചാര്യര്‍ അദ്വൈതസിദ്ധാന്തം അവതരിപ്പിക്കുകയും അതുവഴി ഹിന്ദുമതം ഇവിടെ ചുവടുറപ്പിക്കുകയായിരുന്നു.

ഇപ്പോഴും കര്‍ക്കിടകത്തില്‍ വലിയ ആഘോഷപൂര്‍വ്വം നടക്കുന്ന ഒരു കാര്യമാണ് ആലുവയിലെ പിതൃതര്‍പ്പണം. സത്യത്തില്‍ എന്താണ് അതിന്റെ ചരിത്രം? ആയിരക്കണക്കിന് ബുദ്ധ സന്യാസിമാരെ കൂട്ടക്കുരുതി ചെയ്തതിന്റെ ഭാഗമായി വന്ന ഒരു ചടങ്ങാണ് ആലുവയിലെ പിതൃതര്‍പ്പണം. കൊടുങ്ങല്ലൂരില്‍ ബുദ്ധഭിക്ഷുക്കളുടെ ഒരു മഠമുണ്ടായിരുന്നു. അതിനുമുന്നില്‍ തദ്ദേശീയരായ ആള്‍ക്കാര്‍ കള്ളും കുടിച്ച് തെറി പറഞ്ഞിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അവിടെനിന്ന് ഓടിക്കാന്‍ ആയിട്ടായിരുന്നു അത് ചെയ്തത്. പില്‍ക്കാലത്ത് അത് ഒരാചാരമായി മാറി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പൂരപ്പാട്ടിന്റെ ജനനം അങ്ങനെയാണ്.

ശാസ്ത്രം എന്ന സങ്കല്പം വന്നത് ബുദ്ധമതത്തില്‍ നിന്നുമാണ്. എന്നാല്‍ അതുമായി ശ്രീ അയ്യപ്പന് ബന്ധമില്ല. ഐതിഹ്യങ്ങള്‍ പറയുന്നത് ശാസ്താവ് ഭാര്യാസമേതന്‍ ആണെന്നാണ്. അങ്ങനെയാണെങ്കില്‍ ബ്രാഹ്മണര്‍ ഇപ്പോള്‍ പറയുന്ന നൈഷ്ടിക ബ്രഹ്മചാരി എന്നുള്ള സങ്കല്‍പ്പത്തിന് പ്രസക്തിയില്ലല്ലോ. ശബരിമല അയ്യപ്പക്ഷേത്രമാണ്. മലയരയ സമുദായത്തില്‍പ്പെട്ട ശ്രീ അയ്യപ്പന്റെ ക്ഷേത്രം.

ഐതിഹ്യത്തിന് പേരില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രമല്ല ശബരിമല. ജീവിച്ചിരുന്ന ഒരു വ്യക്തിക്ക് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. സായിബാബ മരിച്ചശേഷം അദ്ദേഹത്തിന് ക്ഷേത്രങ്ങള്‍ വന്നില്ലേ. അദ്ദേഹത്തെ ആരാധിക്കുന്നവരാണ് അത് ചെയ്തത്. അതുപോലെ അന്ന് ജനങ്ങളെ അക്രമികളില്‍ നിന്നും രക്ഷിച്ച, വില്ലാളിവീരനായ അയ്യപ്പന് വേണ്ടിയാണ് ശബരിമലയില്‍ ക്ഷേത്രം ഉയര്‍ന്നതും ആരാധന തുടങ്ങിയതും. ക്ഷേത്രം എന്നു പറയുമ്പോള്‍ ഇന്നത്തെ ക്ഷേത്രമല്ല. ചെറിയ ഒരു ഓലപ്പുര ആയിരുന്നു അത്.

അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യവും മാളികപ്പുറത്ത് അമ്മയും ഇത് സംബന്ധിച്ച് ഒട്ടേറെ വാദങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ശബരിമലയിലെ മാളികപ്പുറത്തമ്മ പ്രതിഷ്ഠ സംബന്ധിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?
അയ്യപ്പനും ഇപ്പോള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുന്ന ഞാനും ഇത് കേള്‍ക്കുന്ന താങ്കളും കേരളത്തിലെ മറ്റു ജനങ്ങളും ദ്രാവിഡന്മാരാണ്. നമ്മളാണ് തദ്ദേശീയര്‍. നടന്നു കയറി വന്നവര്‍ ആര്യന്മാരാണ്. ദ്രാവിഡന്മാരുടെ പ്രധാന ദേവതയായിരുന്നു കൊറ്റവൈ.

കേരളത്തിലെ ക്ഷേത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. ദേവീപ്രതിഷ്ഠ ഇല്ലാത്ത ഒരു ക്ഷേത്രവും കേരളത്തിലില്ല. ദേവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ഉപദേവതയായി ദേവി കാണും. അതുതന്നെയാണ് ശബരിമലയിലും ഉള്ളതെന്നാണ് ഞങ്ങളുടെ വിശ്വാസം.

ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ട് ചീരപ്പന്‍ചിറക്കാര്‍ പറയുന്നത് മാളികപ്പുറത്തമ്മ എന്ന പ്രതിഷ്ഠ ചീരപ്പന്‍ചിറയിലെ ലളിതമ്മ എന്ന സ്ത്രീയാണെന്നാണ്. എന്നാല്‍ ഈ വാദം വിശ്വസിക്കാന്‍ തരമില്ല. ആ കാലയളവില്‍ ലളിതമ്മ എന്ന ഒരു പേര് ഈ സമൂഹത്തില്‍ ഉണ്ടായിട്ടില്ല. കേളന്‍, കണ്ടാ, ചക്കി തുടങ്ങിയ പേരുകള്‍ ആയിരുന്നു അന്നത്തെ രീതി. ഞാന്‍ ഇപ്പോള്‍ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. അവര്‍ക്ക് അങ്ങനെ ഒരു അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ അത് ഉയര്‍ത്തിക്കൊട്ടെ. അക്കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല.

ശബരിമല ക്ഷേത്രം മലയരയരുടെ സ്വന്തമായിരുന്നു, നൂറ്റാണ്ടുകള്‍ക്കുമുമ്പ്. ഈ വാദം ഉയര്‍ത്തി താങ്കളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു. തെളിവുകളും ഹാജരാക്കുന്നുണ്ട്. ശബരിമല ക്ഷേത്രം പഴയതുപോലെ നിങ്ങളുടെ ഇടമായി മാറുമെന്ന് വിശ്വാസം ഉണ്ടോ?

എന്തു വില നല്‍കിയും ഞങ്ങളുടെ സ്വന്തമായുള്ളവ ഞങ്ങള്‍ക്ക് തിരിച്ചെടുക്കണം. അതിനായി പരമോന്നത കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് അതു തിരിച്ചു ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ദ്രാവിഡ സംസ്‌കൃതിയെ പിന്തള്ളി ആര്യ മേധാവിത്വം കേരളത്തില്‍ ഉറച്ചത്തിന്റെ ഫലങ്ങളാണ് ഇതെല്ലാം. അതിന്റെ ഭാഗമാണ് ശ്രീ അയ്യപ്പന്റെ പേരു മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. മലയരയരുടെ അവകാശങ്ങള്‍ തിരിച്ചു നല്‍കണം. തേനഭിഷേകം ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ പുനഃസ്ഥാപിക്കണം. ഇതെല്ലാം യാഥാര്‍ഥ്യമാകും എന്ന് തന്നെയാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ.