ഒരാളുടെ ശരീരത്തെ കുറിച്ച് കളിയാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ: പിണറായിയെ വിമര്‍ശിച്ച് കണ്ണന്താനം

single-img
29 October 2018

അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീര്‍ത്തികരമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തില്‍ കളിയാക്കുന്നത് ശരിയല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ ഇതിന് കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനമാത്രമാണ്. അതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും പരിഭാഷയിലെ പിഴവെന്നും കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്.

ഇതിനെ ഏതെങ്കിലും മുഖ്യമന്ത്രിയോ സര്‍ക്കാരോ എതിര്‍ക്കുകയാണെങ്കില്‍ ആ സര്‍ക്കാര്‍ താഴെപ്പോകും. ഇതാണ് അമിത് ഷാ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ജനങ്ങളുടെ വികരം മാനിക്കുന്നില്ലെങ്കില്‍ നിങ്ങളെ വലിച്ചുതാഴെയിടും എന്നാണദ്ദേഹം പറഞ്ഞതെന്ന് കണ്ണന്താനം വ്യക്തമാക്കി.

എന്നാല്‍ ഇതിന് മുഖ്യമന്ത്രി പറഞ്ഞത് മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണെന്നാണ് മട്ട് കാണുമ്പോള്‍ തോന്നുന്നത് എന്നിങ്ങനെയാണ്. ഇതൊക്കെ ഒരു മഖ്യമന്ത്രിക്ക് ചേര്‍ന്ന ഭാഷയാണോയെന്നും കണ്ണന്താനം ചോദിച്ചു. ഇച്ഛാശക്തികൊണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മസില്‍ പവറുകൊണ്ടല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് അയ്യപ്പന്‍ അവരുടെ ദൈവമാണെന്നാണ്. കുറച്ച് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. മറിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഒന്നിച്ചുള്ള വികാരമാണ് അയ്യപ്പന്‍ തങ്ങളുടെ ദൈവമാണ് എന്നത്. ശബരിമലയില്‍ രണ്ടുതവണ കയറിയിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.

എരുമേലിയില്‍ വരുന്ന അയ്യപ്പന്മാര്‍ അവിടുത്തെ മുസ്ലീം പള്ളിയില്‍ കയറാതെ പോകില്ല. പല കൃസ്ത്യന്‍ പള്ളികളിലും ഇവര്‍ക്ക് സ്വീകരണം നല്‍കുന്നു. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ മുഖ്യമന്ത്രിയുടെ അത്തരം പ്രസ്താവനകള്‍ തെറ്റാണ്. ജനവികാരം ജനാധിപത്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മാനിക്കണം. ജനങ്ങളുടെ കൂടെ എപ്പോഴും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.