വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് റെക്കോഡ് ജയം

single-img
29 October 2018

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 224 റൺസിന്റെ കൂറ്റൻ വിജയം. 378 റൺസിന്റെ വമ്പൻ വിജലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ 82 പന്തുകൾ ബാക്കിനിൽക്കെ 153 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

ഒരു ടെസ്റ്റ് കളിക്കുന്ന ടീമിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. അമ്പത് ഓവറിൽ 378 റൺസ് എന്ന പടുകൂറ്റൻ സ്കോർ പിന്തുടരുന്ന വിൻഡീസിന് 36.2 ഓവറിൽ153 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

54 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡർ മാത്രമാണ് വിൻഡീസ് നിരയിൽ ചെറുത്തുനിൽന്നത്. ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവും ഖലീൽ അഹമ്മദം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തുടർച്ചയായ നാലാം മൽസരത്തിലും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ (162), അമ്പാട്ടി റായുഡു (100) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു.

162 റൺസ് നേടിയതോടെ ഏറ്റവും കൂടുതൽ തവണ 150 റൺസ് പിന്നിടുന്ന താരമായി മാറിയിരിക്കുകയാണ് രോഹിത്. ഇത് ഏഴാം തവണയാണ് രോഹിത് 150 റൺസ് നേടുന്നത്. സനത് ജയസൂര്യ, ക്രിസ് ഗെയ്ൽ, ഹാഷിം ആംല, ഡേവിഡ് വാർണർ, സച്ചിൻ തെണ്ടുൽക്കർ എന്നിവരെയാണ് രോഹിത് മറികടന്നത്.

നേരത്തെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമെന്ന റെക്കോഡും രോഹിതും ധവാനും ചേർന്ന് സ്വന്തമാക്കിയിരുന്നു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 4000 റണ്‍സ് തികയ്ക്കുകയും ചെയ്തു. സച്ചിന്‍-സെവാഗ് സഖ്യത്തിന്റെ റെക്കോഡാണ് ഇരുവരും മറികടന്നത്.

സച്ചിന്‍-ഗാംഗുലി സഖ്യമാണ് ഇനി ഇവര്‍ക്കു മുന്നിലുള്ളത്. 1996-2007 കാലഘട്ടത്തില്‍ 136 ഇന്നിങ്‌സുകളില്‍ നിന്ന് 6609 റണ്‍സാണ് സച്ചിന്‍-ഗാംഗുലി സഖ്യം കൂട്ടിച്ചേര്‍ത്തത്. 258 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. 2002-2012 കാലഘട്ടത്തിലാണ് സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് 93 ഇന്നിങ്‌സുകളില്‍ നിന്ന് 3919 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്.

137 പന്തിൽ നിന്ന് 162 റൺസെടുത്ത രോഹിതിനെ 44-ാം ഓവറിൽ നെഴ്സിന്റെ പന്തിൽ ഹേംരാജ് പിടിച്ച് പുറത്ത് ക്കുകയായിരുന്നു. ധവാൻ 40 പന്തിൽ നിന്ന് 38 ഉം കോലി 17 പന്തിൽ നിന്ന് 16 ഉം റൺസെടുത്താണ് പുറത്തായത്. സെഞ്ചുറിയിൽ ഹാട്രിക്ക് തികച്ച കോലി വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇതാദ്യമായാണ് നൂറടിക്കാതെ മടങ്ങുന്നത്. നാലാം ഏകദിനത്തിലും സെഞ്ചുറി നേടിയിരുന്നെങ്കിൽ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്കുശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് കോലിക്ക് സ്വന്തമാകുമായിരുന്നു.

40 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സും ഉള്‍പ്പെടെ മികച്ച രീതിയിൽ കളിച്ചുവന്ന ധവാനെ കീമോ പോളാണ് പുറത്താക്കിയത്. 17 പന്തിൽ നിന്ന് 16 റൺസെടുത്ത കോലി റോച്ചിന്റെ പന്തിൽ ഹോപ്പ് പിടിച്ചാണ് പുറത്തായത്. കോലി മടങ്ങുമ്പോൾ 16.4 ഓവറിൽ 101 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ.

കോലി മടങ്ങിയശേഷം അമ്പാട്ടി റായിഡുവിനാപ്പമാണ് രോഹിത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. 99 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. അല്ലൻ എറിഞ്ഞ മുപ്പത്തിമൂന്നാം ഒാവറിന്റെ മൂന്നാം പന്ത് അതിർത്തിക്കപ്പുറത്തേയ്ക്ക് പായിച്ചാണ് രോഹിത് സെഞ്ചുറി തികച്ചത്. രോഹിത് സെഞ്ചുറി നേടുമ്പോൾ രണ്ടിന് 197 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

80 പന്തിൽ നിന്നാണ് അമ്പാട്ടി റായിഡു തന്റെ മൂന്നാം ഏകദിന സെഞ്ചുറി തികച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റായിഡുവിന്റെ സെഞ്ചുറി. മൂന്നാം സെഞ്ചുറി നേടിയ ഉടനെ റായിഡു റണ്ണൗട്ടാവുകയും ചെയ്തു. 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിൻഡീസിനെ അച്ചടക്കമുള്ള ബോളിങ്ങിലൂടെയും ഊർജസ്വലമായ ഫീൽഡിങ്ങിലൂടെയും വരിഞ്ഞുമുറുക്കിയാണ് ഇന്ത്യ മൽസരം സ്വന്തമാക്കിയത്.