കടലില്‍ വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍

single-img
29 October 2018

ഇന്തോനീഷ്യയില്‍ 189 യാത്രക്കാരുമായി പോയ യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ്. ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭവ്യ സുനേജ ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറില്‍ ചേര്‍ന്നത്. ക്യാപ്റ്റന്‍ സുനേജക്കൊപ്പം സഹ പൈലറ്റായി ഹാര്‍വിനോ എന്നയാളും ആറ് കാബിന്‍ ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. 6000 മണിക്കൂര്‍ ക്യാപ്റ്റനെന്ന നിലയിലും 5000 മണിക്കൂര്‍ സഹ ക്യാപ്റ്റനെന്ന നിലയിലും വിമാനം പറത്തി പരിചയമുള്ളയാളാണ് സുനേജ.

189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലില്‍ തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.

അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തകര്‍ന്നുവീഴും മുമ്പ് വിമാനത്തില്‍ നിന്നും അപായ സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 98 അടി മുതല്‍ 115 അടി വരെ ആഴമുള്ള സമുദ്രഭാഗത്തായാണ് വിമാനം തകര്‍ന്നുവീണത്. ബോട്ടുകളും കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.