210 പ്രതികളുടെ ചിത്രങ്ങള്‍ കൂടി പുറത്തുവിട്ടു; 3 ദിവസത്തിനകം പിടിക്കുമെന്ന് പോലീസ്

single-img
29 October 2018

ശബരിമലയില്‍ സംഘര്‍ഷം നടത്തിയ കൂടുതല്‍ അക്രമികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. അക്രമം നടത്തിയതായി ദൃശ്യങ്ങളില്‍ കണ്ടെത്തിയ 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും 210 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. പേരോ മേല്‍വിലാസമോ അറിയാത്തതിനാല്‍ ഇവരെ കണ്ടുകിട്ടിയാല്‍ ഉടനടി അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടണമെന്നാണ് ഡി.ജി.പി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാന വ്യാപക അറസ്റ്റിന്റെ ആറാം ദിനമായ ഇന്നലെ 160 പേരെ കൂടി പിടികൂടി. ഇതോടെ 517 കേസിലായി ആകെ 3505 പേര്‍ പിടിയിലായി. നിലയ്ക്കല്‍ സംഘര്‍ഷത്തിലും ഹര്‍ത്താല്‍ അക്രമങ്ങളിലും പ്രതികളായ 12 പേരുടെ വാഹനങ്ങളും പിടിച്ചെടുത്തു. ഇനി അഞ്ഞൂറ് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന നാലായിരം പേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തത്. 500 പേര്‍ പിടിയിലായാല്‍ ഇത് പൂര്‍ത്തിയാകും. നാമജപഘോഷയാത്രയില്‍ പങ്കാളിയായ സ്ത്രീകള്‍ക്കെതിരെയടക്കം കേസെടുത്തെങ്കിലും ഹൈക്കോടതിയുടെയും ഡി.ജി.പിയുടെയും നിര്‍ദേശപ്രകാരം അവരുടെ അറസ്റ്റ് ഒഴിവാക്കാകുകയായിരുന്നു.