സൗദിയിലെ സംഗീതനിശയ്ക്കിടെ ഗായകനെ പരസ്യമായി ചുംബിച്ച യുവതിക്ക് തടവുശിക്ഷ

single-img
28 October 2018

സൗദിയിലെ തായിഫ് സൂഖ് ഉക്കാദ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സംഗീതനിശയ്ക്കിടെ അറബ് ഗായകൻ മാജിദ് അൽ മുഹന്ദിസിനെ സ്റ്റേജിൽ കയറി ആലിംഗനം ചെയ്ത് ചുംബിച്ച സൗദി യുവതിക്ക് ഒരുവർഷം തടവുശിക്ഷ വിധിച്ചു. മക്ക ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈവർഷം ജൂലായ് 13-ന് ആയിരുന്നു സംഭവം.

ഗായകനോടുള്ള ആരാധന മൂത്ത യുവതി വേദിയിലേക്ക് ചാടിക്കയറി ഗാനം ആലപിച്ചുകൊണ്ടിരുന്ന മാജിദ് അൽ മുഹന്ദിസിനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി ബലം പ്രയോഗിച്ച് യുവതിയെ പിന്തിരിപ്പിച്ചു. അന്നുതന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു. പീഡന വിരുദ്ധനിയമം അനുസരിച്ചാണ് യുവതിയുടെ പേരിൽ കേസ്‌ രജിസ്റ്റർ ചെയ്തത്.

വിചാരണ തടവുകാരിയായി നാലുമാസം തായിഫിലെ നിതാ കേന്ദ്രത്തിൽ കഴിഞ്ഞ സാഹചര്യത്തിൽ യുവതി എട്ട് മാസം തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സംസ്‌കാരങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായാണ് യുവതി പെരുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലും കോടതിയിലും യുവതി കുറ്റം ഏറ്റുപറഞ്ഞിരുന്നു.