രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം: ‘ശബരിമല ആചാരാനുഷ്ഠാനവുമായി രാഹുലിന് ബന്ധമില്ല’

single-img
28 October 2018

അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴ്‌മൺ തന്ത്രി കുടുംബം. രാഹുൽ ഈശ്വറിന്റേതായിട്ട് വരുന്ന വാർത്തകളും പ്രസ്‌താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പടർന്നിട്ടുണ്ടെന്നും വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ കുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്നും തന്ത്രികുടുംബം പറഞ്ഞു.

രാഹുൽ ഈശ്വറിന് പിന്തുടർച്ചാവകാശമില്ലെന്നും തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി. പത്തനംതിട്ടയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്ന് വാർത്താക്കുറിപ്പ് പറയുന്നു. ‘തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾ വിചാരിക്കുന്നു.

സർക്കാരുമായോ ദേവസ്വംബോ‍ർഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്‍റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല.’ അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാർത്താക്കുറിപ്പ് പറയുന്നു.

ശബരിമലയിൽ രക്തമിറ്റിയ്ക്കാൻ ‘പ്ലാൻ ബി’ ആസൂത്രണം ചെയ്തിരുന്നെന്ന പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഈശ്വർ അറസ്റ്റിലാണിപ്പോൾ.