രണ്ടാമൂഴം: ശ്രീകുമാർ മേനോനുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ആവർത്തിച്ച് എം ടി;തിരക്കഥ തിരിച്ചു കിട്ടിയേ പറ്റൂ

single-img
28 October 2018

രണ്ടാമൂഴം തിരക്കഥ തിരിച്ചു കിട്ടണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ എം ടി വാസുദേവന്‍ നായര്‍. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരുതരത്തിലും സഹകരിക്കില്ലെന്ന കാര്യം എം ടിയുടെ അഭിഭാഷകന്‍ ശിവ രാമകൃഷണനാണ് വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എം ടിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും, സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താത്പ്പര്യമില്ലെന്നും ശിവരാമകൃഷ്ണന്‍ അറിയിച്ചു. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്‍ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസിനു പോയത്.രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എം ടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഒക്ടോബർ 11 – നാണു ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിന്മാറുന്നതായി റിപ്പോട്ടുകൾ പുറത്തു വന്നത്. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്ന് റിപ്പോട്ടിൽ പറയുന്നു. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് എം ടി കോഴിക്കോട‌് മുൻസിഫ‌് കോടതിയെ സമീപിച്ചു.തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്തു.