തന്റെ പേര് ബിന്ദു സക്കറിയ എന്നാക്കി സംഘപരിവാറിന്റെ വ്യാജ പ്രചരണം;സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി

single-img
28 October 2018

കോഴിക്കോട്: തന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയ ജനം ടിവിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി. പേരു പോലും തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും മാവോയിസ്റ്റ് ആണെന്ന് പ്രചരിച്ച് തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ വിശദമാക്കി. സുരക്ഷാ നൽകുമെന്ന് ഐജി ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു പിന്നീട് നടന്നതിനെക്കുറിച്ച് അറിയില്ലെന്നും സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് ബിന്ദു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ എന്റെ പേര് പറഞ്ഞത് ബിന്ദു സക്കറിയ എന്നാണ്. ഔദ്യോഗികമായി എന്റെ പേര് ബിന്ദു ടി.വി എന്നാണ്. എന്നാല്‍ ബിന്ദു തങ്കം കല്ല്യാണി എന്ന പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. ഇത് രണ്ടും മാറ്റിവെച്ചിട്ട് ബിന്ദു സക്കറിയ എന്ന പേരില്‍ വ്യാപകമായ ആരോപണങ്ങള്‍ ഉണ്ടാക്കുന്നത് പിന്നില്‍ തന്നെ ക്രിസ്ത്യാനിയാണെന്ന് ചിത്രീകരിക്കുന്നതിനാണ്.

വൃദ്ധമാതാപിതാക്കളെ ശബരിമലയിൽ പോവാൻ ബിജെപി നേതാക്കൾ നിർബന്ധിക്കുന്നു.താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബിജെപി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നതെന്ന് ബിന്ദു ആരോപിച്ചു. കോടതിവിധിയിൽ മാറ്റം ഉണ്ടായില്ലെങ്കിൽ വീണ്ടും ശബരിമലയിൽ പോവുമെന്ന് ബിന്ദു ആവര്‍ത്തിച്ചു.