ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടിന്റെ റണ്ണൗട്ടില്‍ വിവാദം പുകയുന്നു

single-img
28 October 2018

പാക്കിസ്ഥാനെതിരേ ദുബായിയില്‍ വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടിന്റെ റണ്ണൗട്ടിനെ ചൊല്ലി വിവാദം പുകയുന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്നാം ഓവറിലാണ് ഷോര്‍ട്ടിനെ നഷ്ടപ്പെടുന്നത്.

ആരോണ്‍ ഫിഞ്ച് സ്‌ട്രെയിറ്റ് ഡ്രൈവ് ചെയ്ത പന്ത് ബൗളര്‍ ഇമാദ് വസിമിന്റെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ചു. നോണ്‍സ്‌ട്രൈക്കറായ ഷോര്‍ട്ടിനെതിരേ പാക് താരങ്ങള്‍ അപ്പീല്‍ ചെയ്തു. മൂന്നാം അമ്പയറിന്റെ പരിശോധനയില്‍ ഷോര്‍ട്ടിന്റെ ബാറ്റ് ക്രീസില്‍ മുട്ടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല.

ഈ ഘട്ടങ്ങളില്‍ സാധാരണ ബാറ്റ്‌സ്മാനാണ് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു വിപരീതമായി മൂന്നാം അമ്പയര്‍ ഷോര്‍ട്ടിനെ ഔട്ട് വിളിക്കുകയായിരുന്നു. ഷോര്‍ട്ടിനും ഫിഞ്ചിനും ഈ തീരുമാനം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

തീരുമാനത്തിനെതിരേ ഫിഞ്ച് ഫീല്‍ഡ് അമ്പയറോടു തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തില്‍ ഓസ്‌ട്രേലിയ 11 റണ്‍സിനു പരാജയപ്പെട്ടു. പിന്നീട് മത്സരശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അമ്പയറുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.