സന്ദീപാനന്ദ ഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അപലപനീയമെന്ന് മുഖ്യമന്ത്രി; അമിത് ഷായെ സന്തോഷിപ്പിക്കാനാണ് ആശ്രമം ആക്രമിച്ചതെന്ന് എ.കെ ബാലന്‍; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി: അന്വേഷണം തുടങ്ങി

single-img
27 October 2018

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രമം അഗ്‌നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇപ്പോഴും നടത്തുന്നു.

വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണു സന്ദീപാനന്ദ ഗിരി. യഥാര്‍ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നവോത്ഥാന നായകര്‍ വഹിച്ച പങ്ക് ഉയര്‍ത്തിക്കാട്ടാനും അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്നവരെ തുറന്ന് കാട്ടാനുമാണ് സ്വാമി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അദ്ദേഹം എല്ലായ്‌പോഴും സംഘപരിവാറിന്റെ കണ്ണിലെ കരടാണ് -മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ശ്രമങ്ങള്‍ ഇനിയുമുണ്ടായേക്കാം. പക്ഷേ അതിനെയൊന്നും ഭയക്കേണ്ടതില്ലെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസാകെ സ്വാമിയോടൊപ്പമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തകര്‍ന്ന ആശ്രമം കൂടുതല്‍ പ്രൗഢിയോടെ പ്രവര്‍ത്തിക്കുന്നതിന് മതനിരപേക്ഷ മനസുള്ളവര്‍ ഒരുമിക്കണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഇവിടെ നിന്നും മടങ്ങിയത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്തോഷിപ്പിക്കുന്നതിനാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം നടത്തിയതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ഇല്ലാതാക്കുകയാണ് ശ്രമം.

കേരളത്തിലെ വിശ്വാസികളെ ഉപയോഗിച്ച് വിമോചനം ഉണ്ടാക്കാനാണല്ലോ ബിജെപി യുടെ ശ്രമമെന്നും ബാലന്‍ പറഞ്ഞു. അതേസമയം സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശിനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് സംഭവസ്ഥലം സന്ദര്‍ശിച്ച് സന്ദീപാനന്ദ ഗിരിയുടെ മൊഴി രേഖപ്പെടുത്തി.