കേരളത്തില്‍ ജനപ്രീതിയുള്ള നേതാവ് പിണറായി വിജയന്‍; ഇടതുപക്ഷ സര്‍ക്കാരില്‍ 42 ശതമാനം ആളുകള്‍ സംതൃപ്തര്‍; പ്രധാനമന്ത്രി ആവേണ്ടത് രാഹുല്‍: ഇന്ത്യാടുഡേ അഭിപ്രായ സര്‍വേ പുറത്ത്

single-img
27 October 2018

മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവെന്ന് ഇന്ത്യാടുഡേ നടത്തിയ അഭിപ്രായ സര്‍വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരില്‍ സംതൃപ്തരാണ് 42 ശതമാനം ആളുകളുമെന്ന് സര്‍വെ പറയുന്നു.

സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം ആളുകള്‍ മാത്രമാണ് ഭരണത്തില്‍ അസംതൃപ്തി അറിയിച്ചത്. 26 ശതമാനം ആളുകള്‍ സര്‍ക്കാരിനോട് ഇഷ്ടവും ഇഷ്ടക്കേടുമില്ലാത്തവരാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പിണറായി അധികാരത്തില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകണമെന്നാണ് 20 ശതമാനം ആളുകള്‍ ആഗ്രഹിക്കുന്നത്. ഇവര്‍ രണ്ടാം സ്ഥാനത്താണ്. ശബരിമല വിഷയത്തില്‍ സര്‍വെയില്‍ പങ്കെടുത്ത 46 ശതമാനം പേരും സുപ്രീം കോടതി വിധിയില്‍ അസംതൃപ്തരാണ്. എന്നാല്‍ 33 ശതമാനം ആളുകള്‍ അഭിപ്രായം തുറന്നുപറയാന്‍ വിസമ്മതിച്ചു.

21 ശതമാനം ആളുകള്‍ വിധിയില്‍ തൃപ്തരാണ്. അതേസമയം പ്രധാനമന്ത്രിക്കസേരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തണമെന്നാണ് കേരളവും തമിഴ്‌നാടും ആഗ്രഹിക്കുന്നതെന്ന് സര്‍വേ പറയുന്നു. ടെലിഫോണ്‍ ഇന്റര്‍വ്യൂവിലൂടെയാണ് സെര്‍വെ വിവരങ്ങള്‍ ശേഖരിച്ചത്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്നായി 7,920 പേരുടെ അഭിപ്രായമാണ് ആരാഞ്ഞത്.