റഫാല്‍ ഇടപാട്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
27 October 2018

റഫാല്‍ ഇടപാടിലേക്കു നയിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. കോടതി റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കേസ് തിങ്കളാഴ്ച പരിഗണിക്കും. റഫാല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടുന്നതിന് എന്താണ് പ്രശ്‌നമെന്ന് നേരത്തെ സുപ്രീംകോടതി ചോദിച്ചിരുന്നു. അതേസമയം, റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. അതിനിടെ റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ ആരോപണവുമായി എച്ച്എഎല്‍ ജീവനക്കാരും രംഗത്തെത്തി.

റഫാല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഒക്ടോബര്‍ 22ന് സമരത്തിനിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.