കുവൈത്തില്‍ 17,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

single-img
27 October 2018

കുവൈത്തില്‍ ബാങ്കിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതനുസരിച്ചു 17,000 വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം 80 ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം. നിലവില്‍ സ്വദേശികളുടെ എണ്ണം 69 ശതമാനമാണ്.

നേരത്തെ, രാജ്യത്ത് അഞ്ചുവര്‍ഷത്തിനകം സര്‍ക്കാര്‍ പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് വ്യവസായ വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളുടെ കൃത്യമായ കണക്ക് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സിവില്‍ സര്‍വീസ് കമ്മിഷന്‍ പദ്ധതി അനുസരിച്ചു വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും എത്രയും വേഗം 100 ശതമാനം സ്വദേശികളെ മാത്രം സര്‍ക്കാര്‍ പൊതുമേഖലയില്‍ നിയമിക്കുന്നതിനുമാണ് നിര്‍ദേശം.

അഡ്മിനിസ്‌ട്രേഷന്‍, മീഡിയ, ഐ.ടി., വികസനം, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ തൊഴിലുകളില്‍ 100 ശതമാനം സ്വദേശികളെ നിയമിക്കും. എന്നാല്‍ സയന്റിഫിക്, ഫിനാന്‍ഷ്യല്‍, ഇക്കോണമി, വാണിജ്യം തുടങ്ങിയ തസ്തികകളില്‍ 95 ശതമാനവും ക്രാഫ്റ്റ് വര്‍ക്കിന് 80 ശതമാനവും സ്വദേശികളെ നിയമിക്കും. ഇതുവഴി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചിരുന്നു.