അനാശാസ്യ വിവാദം കണ്ണൂര്‍ കോര്‍പറേഷനെ പിടിച്ചുലക്കുന്നു: മേയര്‍ ഇ.പി. ലത, സി.പി.എം കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

single-img
27 October 2018

കണ്ണൂര്‍ കോര്‍പറേഷന്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീലസന്ദേശം വന്നതിനെ തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിനായ മേയര്‍ ഇ.പി. ലത, സന്ദേശമയച്ച സി.പി.എം കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐ.ടി ആക്ടിലെ 67 എ വകുപ്പ് പ്രകാരമാണ് നടപടിയെന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത് കൊടേരി പറഞ്ഞു.

വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ മേയര്‍ അഡ്മിനായ വാട്‌സ് ആപ് ഗ്രൂപ്പില്‍ വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്. തുടര്‍ന്ന് വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഓഡിയോകളും വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്‌സ്ആപുകളില്‍ വരുന്നുണ്ട്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഏറ്റെടുക്കുകയായിരുന്നു.

ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുകയായിരുന്നു. നിയമപരമായി മുന്നോട്ടുപോകുന്നതിനൊപ്പം കൈവിട്ട കോര്‍പറേഷന്‍ ഭരണം തിരികെ പിടിക്കുന്നതിനുള്ള അവസരമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും കോര്‍പറേഷനില്‍ തുല്യ അംഗബലമാണുള്ളത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ. രാഗേഷിന്റെ ബലത്തിലാണ് സി.പി.എം ഭരണം നടത്തുന്നത്.