പൊതുവേദിയില്‍ സി ദിവാകരന്‍ എംഎല്‍എ ‘വടികൊടുത്ത് അടിവാങ്ങി’

single-img
27 October 2018

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സി.ദിവാകരന്‍ എംഎല്‍എ പുലിവാലുപിടിച്ചു. പോത്തന്‍കോട് പൊതുവേദിയിലായിരുന്നു സംഭവം. എംഎല്‍എയുടെ പ്രസംഗത്തിനിടെ സദസ്സില്‍നിന്ന് എഴുന്നേറ്റ് വന്ന ഒരാള്‍ പൊതുവേദിയിലാണോ ഇത്തരം പ്രസംഗമെന്നു പറഞ്ഞു യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഇതിനുപിന്നാലെ മറ്റുള്ളവരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്നു മറ്റുള്ളവരുടെ പ്രസംഗവും ഒഴിവാക്കി യോഗം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശം സംബന്ധിച്ചു ചിലര്‍ രംഗത്തെത്തിയതു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു സി ദിവാകരന്‍ പറഞ്ഞത്.

സുപ്രീംകോടതി ഉത്തരവു നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും വസ്തുതകള്‍ മനസ്സിലാക്കി ജനം ഒപ്പം നില്‍ക്കണമെന്നും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വരുകാലത്തും ഈ സര്‍ക്കാരിനെ നിലനിര്‍ത്തണമെന്നും സി.ദിവാകരന്‍ പറഞ്ഞു.

ഇതോടെയാണ് സദസ്സില്‍നിന്ന് എഴുന്നേറ്റയാള്‍ വേദിയിലിരുന്ന പഞ്ചായത്തംഗങ്ങളുടെ അടുത്തെത്തി ഹിന്ദുക്കളുടെ ആചാരത്തെ മറികടക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള എംഎല്‍എയുടെ വാക്കുകള്‍ കേട്ടിരിക്കാന്‍ നാണമില്ലേയെന്നും പൊതുവേദിയിലാണോ ഇത്തരം പ്രസംഗമെന്നും പറഞ്ഞു യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.