മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ അമിത് ഷാ പറന്നിറങ്ങി

single-img
27 October 2018

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ. ഇന്ന് രാവിലെ പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അമിത്ഷായെ സ്വീകരിച്ചു. ബിജെപി നേതാക്കളുമായി 10 മിനിറ്റോളം സംസാരിച്ചതിന് ശേഷമാണ് അമിത് ഷാ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് കൃത്യമായ നിലപാടുമായി ഇടത് മുന്നണിയും കടുത്ത നടപടികളുമായി സര്‍ക്കാരും മുന്നോട്ടുപോകുമ്പോഴാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയിരിക്കുന്നത്.

ശബരിമലയെക്കുറിച്ചുള്ള പാര്‍ട്ടി നയത്തില്‍ ആശയക്കുഴപ്പങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ നിന്ന് ഒരു നിര്‍ദേശമാണ് സംസ്ഥാനനേതൃത്വം ഇനി പ്രതീക്ഷിയ്ക്കുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ പിണറായിയിലെ ഉത്തമന്‍, മകന്‍ രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദര്‍ശിക്കും.

ഇവരുടെ വീടും പരിസരവും കഴിഞ്ഞദിവസം മുതല്‍ത്തന്നെ സുരക്ഷാവലയത്തിലാണ്. മുമ്പ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി അമിത് ഷാ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കണ്ണൂരിലെത്തുന്ന അമിത്ഷായെ പിണറായില്‍ എത്തിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്.

ഇതിനുശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മൂന്നിനു ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക. എസ്പിജിക്കുപുറമെ പോലീസിന്റെ കമാന്‍ഡോ വിഭാഗവുമാണ് അമിത് ഷായ്ക്കു സുരക്ഷയൊരുക്കുന്നത്.

സായുധ പോലീസിനു പുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാന്‍ഡോകളുടെയും യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.