സര്‍ക്കാരിനെ വലിച്ച് താഴെയിടും; സുപ്രീംകോടതിയെ വെല്ലുവിളിച്ച്, ശരണം വിളിച്ച് അമിത് ഷായുടെ പ്രസംഗം

single-img
27 October 2018

കണ്ണൂര്‍: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പ ഭക്തര്‍ക്കൊപ്പം ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവന്‍ നില്‍ക്കും. കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീംകോടതിയ്‌ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണി മുഴക്കി.

സമരത്തിനിറങ്ങിയ സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അനാവശ്യമായി തടവില്‍ വയ്ക്കുകയാണ്. ഇത്തരത്തില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്നും കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അമിത് ഷാ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനം നടപ്പാക്കാന്‍ ഇടതു വലതു മുന്നണികള്‍ക്കാകില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30 മുതല്‍ നവംബര്‍ 12 വരെ കേരളത്തിലുടനീളം അയ്യപ്പ ഭക്തന്മാരുടെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ സമര പരിപാടികളില്‍ എന്‍എസ്എസ്, ബിഡിജെഎസ്, ആര്‍എസ്എസ് എന്നീ സംഘടനകളോടൊപ്പം കേരളത്തിലെ മുഴുവന്‍ ആളുകളും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.