മോദി സര്‍ക്കാരിന് തിരിച്ചടി; സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

single-img
26 October 2018

സിബിഐയിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം. സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

നവംബര്‍ 12 ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ അപ്പോള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. താല്‍കാലിക ഡയറക്ടറായ നാഗേശ്വര റാവു ഇതുവരെ എടുത്ത തീരുമാനങ്ങള്‍ അപ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കണം.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും. അന്വേഷണം തീരുംവരെ നാഗേശ്വര റാവു യാതൊരു വിധത്തിലുള്ള നയപരമായ തീരുമാനവും എടുക്കരുത്. ദൈനംദിന കാര്യങ്ങള്‍ മാത്രമേ നാഗേശ്വര റാവു കൈകാര്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. നാഗേശ്വര റാവുവിന്റെ നിയമനത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ല എന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നതെന്ന് അലോക് വര്‍മയ്ക്കു വേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഈ സമിതി അറിയാതെ സിബിഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.