റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി: ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യുഡിയെന്ന് ജി സുധാകരന്‍

single-img
26 October 2018

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം.

റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും കോടതി ചോദിച്ചു. റോഡുകളില്‍ ഇനി ജീവന്‍ പൊലിയരുത്. ദീര്‍ഘ വീക്ഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ പെട്ടന്ന് തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡുകള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്തിലായിരുന്നു കോടതി നടപടി. കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി ഫയലില്‍ സ്വീകരിച്ചു.

അതേസമയം പൊതു മരാമത്ത് വകുപ്പ് ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയുള്ള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനു വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഇപ്പോള്‍ പൊതുവെ എല്ലാം നല്ല റോഡുകളാണ്.

വളരെ കുറച്ചു മാത്രമേ മോശമായുള്ളൂ. ഏതെങ്കിലും പ്രത്യേക റോഡിനെക്കുറിച്ചായിരിക്കാം ഹൈക്കോടതിയുടെ പരാമര്‍ശം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വളരെ കുറച്ചു റോഡുകളല്ലേ ഇപ്പോള്‍ മോശമായുള്ളൂ. അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണെന്നും സുധാകരന്‍ പറഞ്ഞു. വഴിയെ പോകുന്നവര്‍ക്കു കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല പിഡബ്ല്യുഡി എന്നും മന്ത്രി പരാമര്‍ശിച്ചു.